പാലാ വിട്ടൊരു കളിയില്ല; നിലപാട് ആവര്‍ത്തിച്ച് മാണി സി. കാപ്പൻ


പാലാ: പാലായില്‍ തന്നെ മത്സരിക്കുമെന്ന് നിലപാട് ആവര്‍ത്തിച്ച് മാണി സി. കാപ്പന്‍. എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ തന്റെ തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്നും വിരുദ്ധമായ തീരുമാനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാപ്പന്‍ പറഞ്ഞു.

മൂന്നുപതിറ്റാണ്ടായി തനിക്ക് ശരദ് പവാറുമായി അടുത്ത ബന്ധമുണ്ട്. താനാണ് കോണ്‍ഗ്രസ് എസിനെ എന്‍.സി.പി.യില്‍ ലയിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയത്. പവാറുമായി വളരെ വലിയ ആത്മബന്ധമുണ്ട്. അതുകൊണ്ടു തന്നെ പാലാ സീറ്റ് വിട്ടു കൊടുത്തുകൊണ്ടുള്ള ഒരു തീരുമാനം പവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാപ്പന്‍ പറഞ്ഞു.

അതേസമയം യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി വരുമോ എന്ന ചോദ്യത്തിന് കൃത്യമായ പ്രതികരണം കാപ്പന്‍ നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം മാണി സി. കാപ്പനും ജോസ് കെ മാണിയും തമ്മില്‍ ഒരു ഫുട്‌ബോള്‍ മത്സരം പാലായില്‍ നടന്നിരുന്നു. അതില്‍ ജോസ് കെ മാണി എടുത്ത കിക്ക് കാപ്പന്‍ തടഞ്ഞിരുന്നു. ഇതിനെ പരാമര്‍ശിച്ചു കൊണ്ട് കാപ്പന്‍ ഇന്ന് ഒരു പ്രതികരണം നടത്തുകയുണ്ടായി. എന്തുവന്നാലും ഈ ഗോള്‍ പോസ്റ്റില്‍ താന്‍ കോട്ട പോലെയുണ്ടാകും. ഏത് പന്തുവന്നാലും തടുത്തിടും എന്നായിരുന്നു കാപ്പന്റെ പ്രതികരണം.

നേരത്തെ, എലത്തൂര്‍ സീറ്റില്‍ മാണി സി കാപ്പന്‍ മത്സരിച്ചേക്കുമെന്നും അല്ലെങ്കില്‍ രാജ്യസഭ എം.പി. സ്ഥാനം സ്വീകരിച്ച് പാലായില്‍നിന്ന് മാറിയേക്കും തുടങ്ങിയ വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം കാപ്പന്‍ തള്ളി. എന്തുവന്നാലും പാലായില്‍ തന്നെ മത്സരിക്കുമെന്ന നിലപാട് വ്യക്തമാക്കുകയാണ് കാപ്പന്‍ ചെയ്തിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയം ജില്ലയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിഷയത്തില്‍ തീരുമാനം എടുക്കണമെന്ന് യു.ഡി.എഫ്. നേതൃത്വം മാണി സി കാപ്പനെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വറുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും കാപ്പന്‍ വ്യക്തമാക്കി.

ശരത് പവാര്‍ എന്തു പറയുന്നോ അത് അനുസരിക്കുമെന്ന് കഴിഞ്ഞ ദിവസം കാപ്പന്‍ പറഞ്ഞിരുന്നു. ഇതോടെ നിലപാടില്‍ കാപ്പന്‍ അയവ് വരുത്തിയോ എന്നൊരു നിരീക്ഷണം ഉയര്‍ന്നിരുന്നു. എന്നാല്‍ നിലപാടില്‍നിന്ന് ഒട്ടും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.