'മുഖ്യമന്ത്രിക്ക് നന്ദി; ജോസ് കെ.മാണി ജൂനിയർ മാൻഡ്രേക്ക്; എൽഡിഎഫിന് ഇനി കഷ്ടകാലം:'.മാണി സി. കാപ്പൻ


കോട്ടയം: ഐശ്വര്യ കേരള യാത്രയുടെ വേദിയിലും മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് മാണി സി കാപ്പന്‍. 16 മാസം കൊണ്ട് 462 കോടി രൂപയുടെ വികസനം പാലായില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. സഖാവ് പിണറായി വിജയനാണ് തന്നെ അതിന് സഹായിച്ചതെന്ന് പറഞ്ഞാണ് യുഡിഎഫിലെത്തിയ ശേഷം കാപ്പന്‍ പ്രസംഗം തുടങ്ങിയത്. 

'25 കൊല്ലം എന്റെ ചോരയും നീരും കാശും ഇടതുപക്ഷത്തിനായി ചെലവഴിച്ചു. അത് തിരിച്ചുതരണമെന്നല്ല പറയുന്നത്. പാലാ കൊടുക്കാം എന്ന് പറഞ്ഞാണ് ജോസിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നത്. പാലാ വത്തിക്കാനാണെങ്കില്‍ പോപ്പ് വേറെ ആണെന്ന് ജോസ് മറന്നു പോയി. പാലായില്‍ ജനങ്ങള്‍ അത് മനസ്സിലാക്കിക്കൊടുക്കും. പാലായിലെ റോഡ് വികസനത്തിന് അനുവദിച്ച പണം തടഞ്ഞ് ഇപ്പോള്‍ വികസനം മുടക്കാന്‍ ജോസ് കെ മാണിയും വി.എന്‍ വാസവനും ചേര്‍ന്ന് ശ്രമിക്കുകയാണെ'ന്നും അദ്ദേഹം കുറ്റപ്പെടുത്തി. 53 വര്‍ഷമായിട്ട് കന്യാസ്ത്രീകള്‍ക്ക് റേഷന്‍ നല്‍കാന്‍ കഴിഞ്ഞില്ല. അത് തന്റെ കാലത്ത് ചെയ്യാന്‍ കഴിഞ്ഞു.

'ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക് മാറി അഞ്ച് മാസം കഴിഞ്ഞാണ് രാജിവച്ചത്. എല്‍ഡിഎഫിലെത്തിയിട്ട് ഇതുവരെയും രാജിവെക്കാത്ത റോഷിയും ജയരാജനും ചാഴിക്കാടനും ഇപ്പോഴും എംഎല്‍എമാരാണ്. എന്റെ രാജി ആവശ്യപ്പെടുന്നവര്‍ അത് കൂടി ഓര്‍ക്കണം.

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് മൂന്നുവര്‍ഷം ജയില്‍ വാസം അനുഭവിച്ച ആളാണ് എന്റെ അച്ഛന്‍ ചെറിയാന്‍.ജെ കാപ്പന്‍. അദ്ദേഹത്തിന്റെ ജൂനിയറായി 10 വര്‍ഷം പ്രവര്‍ത്തിച്ച കെ.എം മാണിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് ചെറിയാന്‍ ജെ കാപ്പനാണ്.

ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമ ഒന്ന് കാണണം എന്നാണ് എനിക്ക് പിണറായി വിജയനോട് പറയാനുള്ളത്. അതില്‍ ഒരു പാഴ്‌സല്‍ വരുന്നുണ്ട് എന്നെ പോലൊരു മൊട്ടത്തലയന്‍. അത് ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കാണാം. യുഡിഎഫിന്റെ നേതാക്കള്‍ ആ ജോസ് കെ മാണിയെ സന്തോഷത്തോടെ എല്‍ഡിഎഫിന് കൊടുത്തു. അവിടെ തുടങ്ങി എല്‍ഡിഎഫിന്റെ ഗതികേട്. അടുത്ത ഭരണം യുഡിഎഫിന്റേതാകുമെന്ന് ഉറച്ച് പറയാന്‍ എനിക്ക് കഴിയും. പാലായിലെ ജനങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്.'- മാണി സി കാപ്പന്‍ പറഞ്ഞു. 

നൂറു കണക്കിന് വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് മാണി സി കാപ്പന്‍ ഐശ്വര്യ കേരള യാത്രയില്‍ അണി ചേര്‍ന്നത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യുഡിഎഫ് നേതാക്കള്‍ ചേര്‍ന്നാണ് മാണി കാപ്പനെ സ്വീകരിച്ചത്. 

തലയെടുപ്പുള്ള കൊമ്പനെ പോലെ പാലായിലെ ജനങ്ങളെയും കൂട്ടി കാപ്പന്‍ എത്തിയത് യുഡിഎഫ് വിജയത്തിന്റെ നാന്ദിയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന്റെ വിജയ ജാഥയാണ് ഇനി വരാനിരിക്കുന്നതെന്നും ഇടതുമുന്നണി തോറ്റവര്‍ക്ക് സീറ്റ് എടുത്ത് നല്‍കിയെന്ന കാപ്പന്റെ ന്യായം പാലാക്കാര്‍ക്ക് മനസിലാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാണി സി കാപ്പനെ തിരുനക്കര കൊച്ചുകൊമ്പന്‍ എന്നാണ് പി.ജെ ജോസഫ് വിശേഷിപ്പിച്ചത്.

പാലാ എം.എൽ.എ മാണി സി. കാപ്പൻ ഇടതു മുന്നണി വിടുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) കേരള ഘടകം പിളർന്നു. മാണി സി. കാപ്പൻ ഉൾപ്പെടെ പത്തു ഭാരവാഹികളാണ് എൻ.സി.പിയിൽ നിന്നും രാജി വച്ചത്. . ‘എൻസിപി കേരള’ എന്ന പേരിൽ യുഡിഎഫിൽ ഘടകകക്ഷിയാകുമെന്ന് മാണി സി. കാപ്പൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

നാളെ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് മാണി സി. കാപ്പൻ വ്യക്തമാക്കി. അതേസമയം എം.എൽ.എ സ്ഥാനം രാജിവയ്ക്കില്ല. കേരള കോൺഗ്രസ് യു.ഡി.എഫ് മുന്നണി വിട്ടപ്പോൾ തോമസ് ചാഴികാടൻ എം.പി സ്ഥാനവും റോഷി അഗസ്റ്റിനും ഡോ. എൻ ജയരാജും എം.എൽ.എ സ്ഥാനവും രാജി വച്ചില്ലല്ലോയെന്ന് മാണി സി കാപ്പൻ ചോദിച്ചു.

തനിക്കെതിരെ വിമർശനം ഉന്നയിച്ച മന്ത്രി എം.എം. മണി വാ പോയ കോടാലിയാണെന്നും കാപ്പൻ പ്രതികരിച്ചു. ഇന്ന് പാലായിൽ എത്തുന്ന ഐശ്വര്യ കേരള യാത്രയിൽ കാപ്പൻ പങ്കെടുക്കും.

ഇതിനിടെ മാണി സി കാപ്പൻ ഉയർത്തിയ ആവശ്യം ന്യായമാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ പ്രതികരിച്ചു. മാണി സി കാപ്പന്‍ പാര്‍ട്ടിയെ വഞ്ചിച്ചിട്ടില്ലെന്നും കാപ്പന്‍ യു.ഡി.എഫിലേക്ക് പോകുന്നത് നഷ്ടമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'പാലാ സീറ്റ് നഷ്ടപ്പെട്ടത് പാര്‍ട്ടിക്ക് ക്ഷീണം തന്നെയാണ്. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും പാല സീറ്റ് ഒരുപോലെ ആവശ്യപ്പെട്ടതാണ്. മാണി സി.കാപ്പന്‍ പാര്‍ട്ടിയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ്. രണ്ട് എം.എല്‍.എമാരുണ്ടായിരുന്നവരില്‍ ഒരാളാണ്. അതിനാല്‍തന്നെ കാപ്പന്‍ പോയാല്‍ അതിന്റെ ക്ഷീണം പാര്‍ട്ടിക്കുണ്ടാകും.' പീതാംബരൻ പറഞ്ഞു.
കാപ്പനൊപ്പം പത്ത് ഭാരവാഹികള്‍ രാജിവെച്ചുവെന്നും കാപ്പന്‍ പോയാലും പാലായില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് കരുതുന്നതെന്നും പീതാംബരന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കാപ്പനൊപ്പം ആളില്ലെന്നും വെറും മൂന്ന് ഭാരവാഹികള്‍ മാത്രമാണ് രാജിവെച്ചതെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കാപ്പനെയും ഒപ്പമുള്ളവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ രാജിവെച്ചയാളെ എങ്ങനെ പുറത്താക്കുമെന്നാണ് പീതാംബരന്‍ മാസ്റ്റര്‍ ചോദിക്കുന്നത്.
ഇടതു മുന്നണിയിൽ എത്തിയ ജോസ് കെ മാണിക്ക് പാലാ സീറ്റ് വിട്ടുകൊടുക്കാനുള്ള തീരുമാനമാണ് എൽ.ഡി.എഫ് വിടാൻ മാണി സി കാപ്പനെ പ്രേരിപ്പിച്ചത്. ഇന്ന് വൈകിട്ട് പാലായിൽ മാണി സി കാപ്പന്റെ നേതൃത്വത്തിൽ ശക്തി പിരകടനവും നടത്തും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.