മാന്നാറില്‍ പ്രവാസി വീട്ടമ്മയെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യപ്രതി പിടിയില്‍, മലപ്പുറം സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്


ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയില്‍. മലപ്പുറം പൊന്നാനിയിലെ ഫഹദ് ആണ് അറസ്റ്റിലായത്. ഫഹദിനു പുറമേ കൃത്യത്തില്‍ പങ്കാളികളായ മറ്റ് മൂന്ന് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.

യുവതിയെ തട്ടിക്കൊണ്ടുപോയത് തങ്ങളാണെന്ന് അവകാശപ്പെട്ട് കഴിഞ്ഞദിവസം പറവൂര്‍ സ്വദേശികളായ ഒരു സംഘം ആളുകള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ പോലീസ് ഇത് വിശ്വസിച്ചില്ല. സംഘത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് ഫഹദ് ആണ് മുഖ്യപ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇന്നലെ ഫഹദിനെ പൊന്നാനിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഫഹദിനെ മാന്നാര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

യുവതിയെ തട്ടിക്കൊണ്ടുപോവാന്‍ പ്രാദേശിക സഹായം നല്‍കിയ നാല് പേരെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്വര്‍ണക്കടത്ത് സംഘത്തിലുള്‍പ്പെട്ട ആളാണ് ഫഹദ് എന്ന് പോലീസ് പറയുന്നു.

മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനിയായ ബിന്ദുവിനെയാണ് തിങ്കളാഴ്ച അജ്ഞാതസംഘം മാന്നാറിലെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകള്‍ക്ക് ശേഷം യുവതിയെ ഇവര്‍ പാലക്കാട് വടക്കഞ്ചേരിയില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് യുവതി പോലീസ് സ്റ്റേഷനിലെത്തി അഭയം തേടുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ദുബായില്‍നിന്നെത്തിയ യുവതിയെ സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

അതിനിടെ, യുവതിക്ക് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ദുബായില്‍നിന്ന് ഒന്നരക്കിലോ സ്വര്‍ണം കൊണ്ടുവന്നിരുന്നതായും പിടിക്കപ്പെടുമെന്ന് ഭയന്നപ്പോള്‍ ഇത് വിമാനത്താവളത്തില്‍ ഉപേക്ഷിച്ചതായി ബിന്ദുവും പോലീസിന് മൊഴി നല്‍കി. എന്നാല്‍ യുവതിയുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.