നിയമന വിവാദം; വിദഗ്ധർ ഉപജാപം നടത്തിയെന്ന ആരോപണം തെളിയിക്കാന്‍ എം.ബി.രാജേഷിനെ വെല്ലുവിളിച്ച് ഉമര്‍ തറമേല്‍


പാലക്കാട്: കാലടി സര്‍വകലാശാലയിലെ നിനിത കണിച്ചേരിയുടെ നിയമന വിവാദത്തിന് പിന്നില്‍ വിഷയവിദഗ്ധരുടെ ഉപജാപങ്ങളാണെന്ന ഭര്‍ത്താവും മുന്‍ എം.പി.യുമായ എം.ബി.രാജേഷിന്റെ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് ഉമര്‍ തറമേല്‍. രാജേഷ് ആരോപണമുന്നയിച്ച വിഷയ വിദഗ്ധരായ മൂന്ന് പേരിലൊരാളാണ് ഉമര്‍ ഉമര്‍ തറമേല്‍. ഫേസ്ബുക്കിലൂടെയാണ് ഉമ്മര്‍ തറമേലിന്റെ പ്രതികരണം.

മൂന്നുതലത്തിലുള്ള ഉപജാപം നടന്നിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം എം.ബി.രാജേഷ് പറഞ്ഞത്. ഒന്ന് അഭിമുഖം നടക്കുന്നതിനുമുമ്പാണ്. നിനിതയുടെ പിഎച്ച്.ഡി. ഈ ജോലിക്ക് അപേക്ഷ നല്‍കുമ്പോള്‍ കിട്ടിയതല്ലെന്നും ആറുമാസം മുന്‍പുമാത്രം ലഭിച്ചതാണെന്നും കാലടി സര്‍വകലാശാലയില്‍ വിളിച്ച് പരാതിപ്പെട്ടു. അഭിമുഖത്തിന് അയോഗ്യയാക്കാന്‍ വേണ്ടിയായിരുന്നു അത്. സര്‍വകലാശാല നിജസ്ഥിതി തേടിയപ്പോള്‍ 2018-ല്‍ മലയാളത്തില്‍ പിഎച്ച്.ഡി. ലഭിച്ചതാണെന്ന് ബോധ്യപ്പെട്ടു. പിന്നെ നിനിതയുടെ പിഎച്ച്.ഡി.ക്കെതിരേ കേസുണ്ടായിരുന്നുവെന്ന് പരാതിയുണ്ടായി. അതും വിഫലമായി. ഇന്റര്‍വ്യൂ ബോര്‍ഡിലും ഉപജാപം നടന്നുവെന്നാണു മനസ്സിലാകുന്നത് -രാജേഷ് പറഞ്ഞു. എന്നാല്‍ താന്‍ ഉള്‍പ്പടെയുളള വിഷയവിദഗ്ധര്‍ക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാനാണ് ഉമര്‍ തറമേല്‍ രാജേഷിനെ വെല്ലുവിളിച്ചിരിക്കുന്നത്.

ഉമര്‍ തറമേലിന്റെ​ ഫെയ്‌സ്ബുക്കിലൂടെയുള്ള മറുപടിയുടെ പൂര്‍ണ്ണരൂപം ഇങ്ങിനെ:

താങ്കളോടുള്ള എല്ലാ ബഹുമാനവും സ്‌നേഹവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ, ഇന്നലെ താങ്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ച ഇക്കാര്യങ്ങള്‍ ശരിയാണെന്നു തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ. ഞങ്ങള്‍ക്ക് താല്പര്യമുള്ള ഒരു ഉദ്യോഗാര്‍ഥിക്ക് വേണ്ടി ശ്രീമതി നിനിതയോട് പിന്മാറാന്‍ അപേക്ഷിക്കും മട്ടില്‍ ഞങ്ങള്‍ വിഷയ വിദഗ്ധര്‍ ഉപജാപം നടത്തി എന്നത്. ഞങ്ങള്‍ ഏതായാലും അങ്ങനെയൊരാളെ ചമുതലപ്പെടുത്തിയിട്ടില്ല.

താങ്കള്‍ ആരോപിച്ച പ്രകാരം സംഭവിച്ചിട്ടുണ്ടെങ്കില്‍, വൈസ് ചാന്‍സലര്‍ക്ക്‌ അയച്ച കത്ത് അയാള്‍ക്ക് എവിടുന്നു കിട്ടിയെന്നും, അറിയേണ്ടതുണ്ട്. മറ്റൊന്ന്, 2019 ഓഗസ്റ്റ് 31 ന് ഈ നടന്ന പോസ്റ്റുകളുടെ അപേക്ഷാ പരസ്യം വരുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അക്കാലത്ത് കാലിക്കറ്റ് സര്‍വകലാശാലയിലുള്ള ഏത് ഉദ്യോഗാര്‍ഥിക്കും പഠനവകുപ്പിലെ ഏതു അധ്യാപകരില്‍ നിന്നും ഒരു സ്വഭാവ സര്‍ട്ടിഫിക്കേറ്റ് വാങ്ങി അയക്കാം, അത്രേയുള്ളൂ. ഇവിടെ subject expert ആയി വരേണ്ടി വരും എന്നു നിനച്ചു ചെയ്യുന്നതായിരിക്കുമോ ഇത്തരം പണികള്‍അതുപോട്ടെ, ഞാന്‍ നുഴഞ്ഞു കയറി ബോര്‍ഡില്‍ വന്നതാണോ, സര്‍വകലാശാല വൈസ് ചാന്‍സലര്‍ വിളിച്ചിട്ട് വന്നതല്ലേ? താന്‍ ജോലി ചെയ്യുന്ന സര്‍വകലാശാലയിലൊഴികെ ഏതു സര്‍വകലാശാലയിലും subject expert ആയി വിളിക്കാം എന്നാണ് ഞാന്‍ മനസ്സിലാക്കി വെച്ചിട്ടുള്ളത്.

ഇതൊക്കെ സ്വജന പക്ഷപാതമായി പൊതുസമൂഹത്തില്‍ അവതരിപ്പിക്കപ്പെടുന്നതിന്റെ യുക്തി എന്താണ്, എന്നു ഞങ്ങള്‍ക്ക് മനസ്സിലായിട്ടില്ല. പിന്നെ, നിനിത എന്ന ഉദ്യോഗാര്‍ഥിയുടെ പിഎച്ച്ഡി യോഗ്യതയെയോ മറ്റു കഴിവുകളെയോ ഒന്നും ഞങ്ങള്‍ എക്‌സ്‌പെര്‍ട്ടുകള്‍ തള്ളിപ്പറഞ്ഞിട്ടില്ല. പൊതുനിരത്തില്‍, നിരത്തപ്പെടുന്ന കാര്യങ്ങളൊന്നും ദയവായി ഞങ്ങളുടെ തലയില്‍ കെട്ടിവെക്കാതിരിക്കുക.

(ഇത്തരം വിവാദ /സംവാദങ്ങളില്‍ നിന്നും ഒഴിവാകുന്നതാണ് ഞങ്ങളുടെ സന്തോഷം. ഞങ്ങളുടെ ജോലി വേറെയാണ്. അതുകൊണ്ട് തന്നെയാണ് മാധ്യമങ്ങളുടെ 'വിസിബിലിറ്റി'യില്‍നിന്നും മാറിനില്‍ക്കുന്നത്. ഞങ്ങളെ ഏല്പിച്ച കാര്യം പൂര്‍ത്തിയാക്കി . അതില്‍വന്ന ഒരാപകത ചൂണ്ടിക്കാട്ടി. അത്രയുള്ളൂ. അക്കാഡമിക ചര്‍ച്ചകളിലൂടെ സംഭവിക്കേണ്ടതും പരിഹൃതമാകേണ്ടതുമായ ഒരു പ്രശ്‌നം കക്ഷി /മുന്നണി /തെരഞ്ഞെടുപ്പ് രാഷ്ട്രീയ കോലാഹലങ്ങളിലേയ്ക്ക് വലിച്ചുകൊണ്ട് പോയത് ഞങ്ങള്‍ അല്ല. ഇത്തരം കാര്യങ്ങളിലൊന്നും ഞങ്ങള്‍ക്ക് ഒരു താല്പര്യവുമില്ല. അത് കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയുമായി സംഭവിക്കുന്നതാണ്, എന്നു കൂടി ആവര്‍ത്തിക്കുന്നു.)

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.