മുണ്ടക്കയം ഇളംകാട് സ്വദേശിയായ യുവാവിൽ നിന്നുമാണ് ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. അച്ഛനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയായ യുവാവിന് അനുകൂലമായ നടപടികൾ സ്വീകരിക്കാം എന്ന് ഉറപ്പ് നൽകിയാണ് സുദീപ് വഴി ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിന്റെ ആദ്യ ഗഡുവായി ഒരുലക്ഷം രൂപ കഴിഞ്ഞ ദിവസം സിഐയുടെ ക്വാർട്ടേഴ്സിലെത്തി യുവാവ് കൈമാറി. സുദീപിന്റെ കയ്യിലാണ് പണം നൽകിയത്. ഇയാൾ പണം സിഐയ്ക്ക് കൈമാറിയതിന് പിന്നാലെ വിജിലന്‍സ് സംഘം വീട്ടിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലൻസ് എസ്പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റു രേഖപ്പെടുത്തിയത്.
ഇളംകാട് സ്വദേശിയായ യുവാവിന്റെ കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. രണ്ടുമാസം മുമ്പ് പിതാവും-മകനും തമ്മിൽ അടിപിടിയും നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് യുവാവിന്റെ വാഹനം അടക്കം പിടിച്ചെടുക്കുകയും ചെയ്തു. ഈ കേസിൽ കോടതിയിൽ അനുകൂല റിപ്പോർട്ട് സമർപ്പിക്കാം, വാഹനം തിരികെ നൽകാം തുടങ്ങി ഉറപ്പുകൾ നൽകിയാണ് ഏജന്റ് വഴി പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്.
ഇതാദ്യമായല്ല കൊല്ലം ശാസ്താംകോട്ട പോരുവഴി സ്വദേശിയായ ഷിബു കുമാർ കൈക്കൂലി കേസിൽ പിടിയിലാകുന്നത്. നേരത്തെ കഴക്കൂട്ടം സിഐ ആയിരിക്കുമ്പോഴും സമാന കേസിൽ ഇദ്ദേഹത്തെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. സർവീസിൽ തിരികെ കയറിയ ശേഷവും ഇദ്ദേഹത്തിനെതിരെ വ്യാപക പരാതികളാണ് ഉയർന്നിരുന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ്.