കോഴിക്കോട്: മാവൂര്‍ റോഡിലെ ലോഡ്ജില്‍വെച്ച് ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചു. മേപ്പയ്യൂര്‍ എടത്തില്‍മുക്ക് പത്താംകാവുങ്ങല്‍ ഹൗസില്‍ കെ.വി. അഷ്റഫിന്റെ ഭാര്യ സലീന(43)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച രാവിലെ 11-ഓടെയായിരുന്നു മരണം. 13-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.
എരഞ്ഞിപ്പാലത്തുള്ള ലേഡീസ് ഹോസ്റ്റല്‍ നടത്തിപ്പുകാരിയായിരുന്നു സലീന. ഇവരെ കാണണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് അഷ്റഫ് ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് അഷ്റഫ് റൂമില്‍ കിടന്നുറങ്ങുകയായിരുന്ന സലീനയുടെ കഴുത്തറുക്കുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ ലോഡ്ജിലെ ജീവനക്കാരോട് ഭാര്യ സ്വയം കഴുത്തറുക്കാന്‍ ശ്രമിച്ചെന്നാണ് അഷ്റഫ് പറഞ്ഞത്.
ഇതിനിടെ പുറത്തേക്കോടിയ സലീന സ്വയം ഓട്ടോ പിടിച്ചാണ് മെഡിക്കല്‍ കോളേജിലെത്തിയത്. ആശുപത്രിയിലെത്തിയ സലീന സംഭവിച്ച കാര്യങ്ങള്‍ ഡോക്ടര്‍ക്ക് രേഖാമൂലം എഴുതി നല്‍കിയതോടെയാണ് കാര്യങ്ങള്‍ പുറത്തറിഞ്ഞത്. ഇതോടെ 14-നുതന്നെ അഷ്റഫിനെ കസബ പോലീസ് അറസ്റ്റുചെയ്ത് റിമാന്ഡിലാക്കിയിരുന്നു.
വിദേശത്തായിരുന്ന അഷ്റഫ് നാട്ടിലെത്തിയശേഷം ഡ്രൈവറായി ജോലിചെയ്യുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. സംശയത്തെത്തുടര്‍ന്നാണ് സലീനയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയത്.
നിലമ്പൂര്‍ എടക്കര കുണ്ടുപറമ്പില്‍ യൂസഫിന്റെ മകളാണ് സലീന. സംഭവം നടക്കുമ്പോള്‍ ഇരുവര്‍ക്കുമൊപ്പം ഒന്നരവയസ്സുള്ള മകളുമുണ്ടായിരുന്നു. നാലുകൊല്ലം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അഷ്റഫ് സലീനയെ വിവാഹം കഴിക്കുന്നതിനുമുമ്പ് രണ്ടുവിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ ഭാര്യ മരിച്ചശേഷമായിരുന്നു രണ്ടാം വിവാഹം. പിന്നീട് സലീനയെയും വിവാഹം കഴിക്കുകയായിരുന്നു.