കോഴിക്കോട്: മാണി സി കാപ്പന് എന്‍സിപിയില്‍ നിന്നും രാജിവെച്ചതായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന് മാസ്റ്റര്‍. കാപ്പനെ വഞ്ചകനായി കാണുന്നില്ലെന്നും രാജിവെച്ചവരെ എങ്ങനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും പീതാംബരന് മാസ്റ്റര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കാപ്പനൊപ്പം എന്‍സിപിയില്‍ നിന്നും പത്തോളം നേതാക്കളും രാജിവെച്ചുപോയതായി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. മുഖ്യമന്ത്രി കാപ്പനോട് മര്യദ കാണിച്ചില്ലെന്ന അഭിപ്രായമില്ലെന്നും പീതാംബരന് മാസ്റ്റര്‍ വ്യക്തമാക്കി.
ഇടതുപക്ഷത്തിന്റെ ആശയത്തിന്റേയും ആദര്‍ശത്തിന്റേയും അടിസ്ഥാനത്തിലാണ് എന്‍സിപി ഇടതുമുന്നണിയ്ക്കൊപ്പം തുടരുന്നത്. വര്‍ഗ്ഗീയ രാഷ്ട്രീയത്തെ ചെറുക്കാന്‍ ഒരു ബദല്‍ രാഷ്ട്രീയം ഇന്ത്യയ്ക്ക് ഒട്ടേറെ ആവശ്യമുണ്ടെന്ന് ബോധ്യമുള്ളതിനാല്‍ ഇടതുമുന്നണിയ്ക്കൊപ്പം തന്നെ നില്ക്കും. പാലാ സീറ്റ് നല്കാതിരുന്നിട്ടും ഇടതുമുന്നണിയില്‍ തുടരുന്നതെന്തുകൊണ്ട് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പീതാംബരന് മാസ്റ്ററിന്റെ മറുപടി ഇങ്ങനെ.
കാപ്പന് പോകുന്നത് പാര്‍ട്ടിയ്ക്ക് ക്ഷീണമാണ്. ഞങ്ങള്‍ ജയിച്ച സീറ്റ് തോറ്റ മുന്നണിയ്ക്ക് വിട്ടുകൊടുക്കേണ്ടി വരുന്നതില്‍ വിഷമമുണ്ട്. എന്നാല്‍ പാലായില്‍ ഇത്തവണ ഇടതുമുന്നണി തന്നെ ജയിക്കുമെന്ന് വിശ്വസിക്കുന്നതായി പീതാംബരന് മാസ്റ്റര്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു.