പാലാ വിട്ടുനല്‍കാനാകില്ലെന്ന് എൻസിപി ദേശീയ നേതൃത്വത്തോട് സിപിഎം; മുന്നണി വിടാനൊരുങ്ങി- എന്‍സിപി


തിരുവനന്തപുരം: രാജ്യസഭ സീറ്റ് നല്‍കില്ലെന്നും പാലാ സീറ്റ് നല്‍കില്ലെന്നും സിപിഎം സംസ്ഥാനനേതൃത്വം നിസ്സംശയം പറഞ്ഞ സാഹചര്യത്തില്‍ എന്‍സിപി ഇടതുപക്ഷം വിട്ടേക്കും. പാലാ സീറ്റില്‍ പ്രതീക്ഷ വെയ്‌ക്കേണ്ടതില്ലെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെ പിണറായി വിജയന്‍ വിളിച്ചറിയിച്ചു. എന്‍സിപി എല്‍ഡിഎഫ് വിടുമോ എന്ന കാര്യം മാണി സി കാപ്പന്‍ പാര്‍ട്ടി തലവന്‍ ശരദ് പവാറുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് തൊട്ടു പിന്നാലെ അറിയാം. നിര്‍ണ്ണായക തീരുമാനം വെള്ളിയാഴ്ച പുറത്തുവരുമെന്നാണ് സൂചന.

പാലാ സീറ്റ് നല്‍കാനാകില്ലെന്നും മാണി.സി. കാപ്പന് കുട്ടനാട് മത്സരിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയനാണ് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനോട് തീരുമാനം പറഞ്ഞത്. എന്നാല്‍ കുട്ടനാട്ടില്‍ മത്സരിക്കാനില്ലെന്ന നിലപാടാണ് മാണി സി. കാപ്പന്‍ പറയുന്നത്. സിറ്റിംഗ് സീറ്റ് പോലും നല്‍കാനാകാത്ത സാഹചര്യത്തില്‍ അവഗണന സഹിച്ച് എന്‍സിപി എല്‍ഡിഎഫില്‍ തുടരാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

ഫോണില്‍ വിളിച്ചായിരുന്നു പിണറായി വിജയന്‍ തീരുമാനം അറിയിച്ചത്. ഇതോടെ സി പി എം നേതൃത്വവുമായി ചര്‍ച്ചക്കായി കേരളത്തിലേക്ക് വരാനിരുന്ന പ്രഫുല്‍ പട്ടേല്‍ യാത്ര റദ്ദാക്കി. എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറുമായി മാണി സി കാപ്പന്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സിപിഎം തീരുമാനം വ്യക്തമാക്കിയത്. ഇതോടെ മാണി സി കാപ്പനു പിന്നാലെ ടി.പി. പീതാംബരനെ കൂടി ശരദ് പവാര്‍ അടിയന്തിരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ​നാളെയോ മറ്റന്നാളോ ഇവരുമായി ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തും. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാകും എല്‍ഡിഎഫില്‍ തുടരണോ വേണ്ടയോ എന്ന തീരുമാനം എടുക്കുക.

സിറ്റിംഗ് സീറ്റ് പോലും നിഷേധിച്ച സാഹചര്യത്തില്‍ ഇനി മുന്നണിയില്‍ തുടരേണ്ടതില്ലെന്ന തീരുമാനം എന്‍സിപി എടുത്തേക്കു​െ​മന്നാണ് സൂചന. അതേസമയം ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഇടതിനൊപ്പം നില്‍ക്കുമെന്ന കാര്യം ഉറപ്പാണ്. പത്ത് ജില്ലാക്കമ്മറ്റികള്‍ ഒപ്പമുണ്ടെന്നാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ നിലപാട്. എല്‍ഡിഎഫ് വിട്ടു വരുന്ന മാണി സി കാപ്പനെ സ്വീകരിക്കാന്‍ മറുഭാഗത്ത് യുഡിഎഫും ഒരുങ്ങുകയാണ്.

മാണി സി കാപ്പന്‍ വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി പലരും എല്‍ഡിഎഫ് വിടുമെന്നും വാര്‍ത്താസമ്മേളനത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞത് ഇതിന്റെ സൂചനയായിട്ടാണ് വിലയിരുത്തല്‍.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.