തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പോലീസുകാരെ പിരിച്ചുവിടാനടക്കമുള്ള അന്വേഷണ കമ്മീഷണന്റെ ശുപാര്‍ശകള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇടുക്കി ജില്ലയിലെ കോലാഹലമേട്ടില്‍ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ കണ്ടെത്തലുകളും ശുപാര്‍ശകളുമടങ്ങിയ റിപ്പോര്‍ട്ട് പൊതുവായി അംഗീകരിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനം.
കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ ഭരണഘടനയുടെ അനുഛേദം 311 (2) പ്രകാരം പിരിച്ചുവിടാനുള്ള ശുപാര്‍ശയും ഇതില്‍ ഉള്‍പ്പെടും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
സംസ്ഥാനത്ത് പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് സംവിധാനത്തിന്റെ ഭാഗമായി നയം രൂപീകരിക്കാന്‍ തീരുമാനിച്ചു. സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ കരട് പ്രൊബേഷന്‍ നയത്തിന് മന്ത്രിസഭ അംഗീകാരം നല്കി. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ ചെയ്തവരെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരെയും സമൂഹത്തിന് ഉതകുന്നവരാക്കി മാറ്റുന്ന സാമൂഹിക ചികിത്സാസമ്പ്രദായമാണ് നല്ലനടപ്പ് അല്ലെങ്കില്‍ പ്രൊബേഷന്‍. ഈ ലക്ഷ്യം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് നയത്തിലുള്ളത്.