ന്യൂഡൽഹി: കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി നിർമല സീതാരാമൻ. രാഹുൽ ഗാന്ധി ഇന്ത്യയുടെ അന്തകനാണെന്ന് ധനമന്ത്രി ആരോപിച്ചു .രാജ്യാതിർത്തിയിലെ കർഷക സമരം, ഇന്ത്യ-ചൈന അതിർത്തി തർക്കം എന്നീ വിഷയങ്ങളിൽ രാഹുൽ കേന്ദ്ര സർക്കാരിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ധനമന്ത്രി നൽകിയത് .
“നമ്മളുടെ സുഹൃത്തുക്കൾ രാജ്യത്തെ സാധാരണ ജനങ്ങളാണ്. എവിടെയാണ് കോർപറേറ്റ് സുഹൃത്തുക്കൾ. അവർ ജനം നിരാകരിച്ച ഒരു പാർട്ടിയുടെ നിഴലിൽ ഒളിച്ചിരിക്കുകയാണ്. അവർ ടെണ്ടറുകളില്ലാതെയാണ് തുറമുഖങ്ങൾ സ്വകാര്യകന്പനികൾക്ക് കൈമാറിയത് .” മന്ത്രി ആരോപിച്ചു.
രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുന്നില്ല. അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നില്ലേ അതെന്നും നിർമല ആഞ്ഞടിച്ചു .