'ഞാന്‍ കര്‍ഷകര്‍ക്കൊപ്പം'; കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്


കൊച്ചി: കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി നടി പാര്‍വതി തിരുവോത്ത്. ഇപ്പോഴത്തെ കാര്‍ഷിക നിയമം മാറ്റണമെന്ന നിലപാടാണ് തനിക്കുള്ളതെന്നും പാര്‍വതി പറഞ്ഞു.

കങ്കണ അടക്കമുള്ള ബോളിവുഡിലെ താരങ്ങള്‍ക്കെതിരെയും പാര്‍വതി വിമര്‍ശനമുന്നയിച്ചു. ഒരു ഗുണവും നന്മയുമില്ലാത്ത പ്രവര്‍ത്തികളാണ് ട്വിറ്ററിലൂടെ ചിലര്‍ ചെയ്യുന്നതെന്നും അതിനെ വേണം നമ്മള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കാനെന്നും പാര്‍വതി പറഞ്ഞു. താരങ്ങളും സെലിബ്രിറ്റികളും മാത്രം പ്രതികരിച്ചാല്‍ പോരെന്നും എഴുത്തുക്കാരും സംവിധായകരും മറ്റു കലാമേഖലയിലുള്ള എല്ലാവരും സംസാരിക്കണമെന്നും എല്ലാവരുടെയും ശബ്ദം പുറത്തുവരണമെന്നും പാര്‍വതി കൂട്ടിചേര്‍ത്തു.

അമ്മയുടെ ആസ്ഥാനമന്ദിരം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യവെ വേദിയില്‍ പുരുഷന്‍മാരായ താരങ്ങള്‍ക്ക് മാത്രം ഇരിപ്പിടം അനുവദിച്ച നടപടിയെയും പാര്‍വതി വിമര്‍ശിച്ചു. ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കാണുന്നത്. ഇതിന് സമീപം സ്ത്രീകള്‍ നില്‍ക്കുകയാണ്. വേദിയില്‍ ആണുങ്ങള്‍ ഇരിക്കുന്നു. അതില്‍ ഒരു നാണവുമില്ലാത്ത ഒരു കൂട്ടം സംഘടനകള്‍ ഇന്നുണ്ട്. ഇക്കഴിഞ്ഞ ദിവസവും കൂടി ഇത് നമ്മള്‍ കണ്ടിട്ടുള്ളതാണെന്ന് പാര്‍വതി പറഞ്ഞു.

പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രം വര്‍ത്തമാനം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്. ചിത്രം മാർച്ച് 12ന് തിയറ്ററില്‍ റിലീസ് ചെയ്യും. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ പാർവതിക്ക് പുറമേ റോഷൻ മാത്യൂ ആണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് വര്‍ത്തമാനത്തില്‍ അവതരിപ്പിക്കുന്നത്. ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.