'കോറോനിൽ' കോവിഡ് ഭേദമാക്കും; അവകാശവാദവുമായി വീണ്ടും പതഞ്ജലി


ന്യൂഡൽഹി: പതഞ്ജലി അവതരിപ്പിച്ച ആയുർവേദ മരുന്നിന് കോവിഡ്-19 നെ സുഖപ്പെടുത്താൻ ശേഷിയുണ്ടെന്ന് സ്ഥാപിക്കുന്ന ആദ്യഗവേഷണ പ്രബന്ധം പതഞ്ജലി സ്ഥാപകൻ ഗുരു ബാബാ രാംദേവ് പ്രകാശനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ ഡോക്ടർ ഹർഷ് വർദ്ധൻ, നിതിൻ ഗഡ്കരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

2020 ജൂണിലാണ് കോറോനിൽ എന്ന ഗുളിക പതഞ്ജലി അവതരിപ്പിച്ചത്. കോവിഡ് ഭേദമാക്കാൻ ഗുളികയ്ക്ക് കഴിവുണ്ടെന്ന് പതഞ്ജലി അന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ വിവാദങ്ങളുയർന്നതിനെ തുടർന്ന് പതഞ്ജലിയുടെ കോറോനിൽ കിറ്റിന് ഇമ്യൂണിറ്റി ബൂസ്റ്റർ എന്ന നിലയ്ക്കാണ് ലൈസൻസ് അനുവദിച്ചത്.

പശ്ചിമരാജ്യങ്ങളിൽ മാത്രമേ ഗവേഷണം നടത്താൻ സാധിക്കുകയുള്ളുവെന്നാണ് ജനങ്ങൾ കരുതുന്നതെന്നും ആയുർവേദത്തിന്റെ കാര്യത്തിലേക്കെത്തുമ്പോൾ ഗവേഷണത്തെ സംശയത്തോടെയാണ് ജനങ്ങൾ നോക്കിക്കാണുന്നതെന്നും രാംദേവ് പറഞ്ഞു. ലക്ഷക്കണക്കിനാളുകൾക്ക് കോറോനിലിന്റെ ഫലം ലഭിച്ചതായും രാംദേവ് കൂട്ടിച്ചേർത്തു.

കോവിഡിനെതിരെയുള്ള ആദ്യ ആയുർവേദ പ്രതിവിധിയെന്ന പേരിലാണ് പതഞ്ജലി കോറോനിൽ, ശ്വാസാരി എന്നിവ പുറത്തിറക്കിയത്. പതഞ്ജലി റിസർച്ച് സെന്ററിന്റെയും നിംസി(NIMS)ന്റെയും സംയുക്ത ഗവേഷണഫലമായാണ് മരുന്ന് കണ്ടെത്തിയതെന്ന് മൂന്ന് മരുന്നുകളടങ്ങിയ കിറ്റ് പുറത്തിറക്കി രാംദേവ് അറിയിച്ചു. 3-7 ദിവസത്തിനുള്ളിൽ കോവിഡിൽ നിന്ന് പൂർണമുക്തി നൽകാൻ മരുന്നിന് കെൽപുണ്ടെന്നും രാംദേവ് അന്ന് അവകാശപ്പെട്ടു.

മരുന്ന് പുറത്തിറക്കിയ സമയത്തും കോറോനിൽ പരീക്ഷണങ്ങൾ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നതായി തെളിയിക്കുന്ന ഗവേഷണപത്രിക രാംദേവ് അവതരിപ്പിച്ചിരുന്നു. അന്താരാഷ്ട്ര ജേണലുകളിൽ ഒമ്പത് ഗവേഷണപത്രികകൾ പ്രസിദ്ധീകരിച്ചതായും ബാക്കി പതിനഞ്ചെണ്ണം കൂടി പ്രസിദ്ധീകരിക്കുമെന്നും രാംദേവ് അറിയിച്ചിരുന്നു. ആഗോളരോഗപ്രതിരോധമാർഗങ്ങളായി യോഗയും ആയുർവേദവും ഉയർത്തിക്കൊണ്ടുവരികയെന്നതാണ് പതഞ്ജലിയുടെ ലക്ഷ്യമെന്നും രാംദേവ് പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.