പി.സി. ജോര്‍ജ് വീണ്ടും എന്‍ഡിഎയിലേക്ക്; ജനപക്ഷത്തിന് രണ്ടു സീറ്റ് നല്‍കാന്‍ ബിജെപി


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.സി. ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ ഘടക കക്ഷിയായേക്കും. യുഡിഎഫില്‍ ഘടക കക്ഷിയാക്കുന്നതിനോട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം എതിര്‍പ്പുയര്‍ത്തിയതോടെയാണ് പി.സി. ജോര്‍ജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. 27 ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.

പി.സി. ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ സമാന്തര സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതോടെ പൊതു സ്വതന്ത്രനായി മത്സരിച്ചാല്‍ പിന്തുണ നല്‍കാമെന്നാണ് ഒടുക്കം യുഡിഎഫ് നിലപാടെടുത്ത്. എന്നാല്‍ ഇതിനോട് പി.സി ജോര്‍ജിന് താതപര്യമില്ല. ഇതേതുടര്‍ന്നാണ് മറ്റ് മാര്‍ഗങ്ങള്‍ നോക്കാന്‍ പി.സി. ജോര്‍ജ് നിര്‍ബന്ധിതമായത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമാവുകയും പത്തനംതിട്ട മണ്ഡലത്തില്‍ കെ. സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ച വിജയം എന്‍ഡിഎയ്ക്ക് ലഭിച്ചില്ല. തൊട്ടുപിന്നാലെ എന്‍ഡിഎ എന്നത് കേരളത്തില്‍ തട്ടിക്കൂട്ട് സംവിധാനമാണെന്ന് ആക്ഷേപിച്ച് പി.സി. ജോര്‍ജ് മുന്നണി വിടുകയും ചെയ്തു.

ഇതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിന്റെ ഭാഗമാകാന്‍ ജോര്‍ജ്‌ താത്പര്യം പ്രകടിപ്പിച്ചു. പാര്‍ട്ടിയില്‍ ഒരുവിഭാഗം അങ്ങനെ ആവശ്യപ്പെടുന്നുവെന്നാണ് ഇതിന് പി.സി. ജോര്‍ജ് നല്‍കിയ മറുപടി. ആദ്യഘട്ടത്തില്‍ ചര്‍ച്ചകള്‍ അനുകൂലമായി മുന്നോട്ടുപോയെങ്കിലും പെട്ടെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം എതിര്‍പ്പുമായി വന്നത്.

പി.സി ജോര്‍ജിന്റെ ബിജെപി ബാന്ധവവും സമീപകാലത്ത് നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശവും മറ്റും തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക നേതൃത്വം എതിര്‍പ്പ് ഉയര്‍ത്തിയത്. എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നാണ് പി.സി. ജോര്‍ജ് പറയുന്നത്. ഇക്കാര്യം മുമ്പ് മാതൃഭൂമി ഡോട്ട് കോമിനോട് അദ്ദേഹം പറയുകയും ചെയ്തിരുന്നു.

നിലവില്‍ ഒരുമുന്നണിയുടെയും ഭാഗമല്ലാതിരിക്കുന്ന പി.സി ജോര്‍ജിനെ എന്‍ഡിഎയിലേക്ക് തിരികെ കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി.സി ജോര്‍ജിന് കാര്യമായ സ്വാധീനം ഉണ്ടെന്നതും അതിനൊപ്പം ബിജെപി സംവിധാനവും ചേരുമ്പോള്‍ വിജയം ഉറപ്പാണെന്നാണ്‌ ബിജെപി വിലയിരുത്തുന്നത്.

മുന്നണിയിലേക്കെത്തിയാല്‍ പൂഞ്ഞാറിന് പുറമെ കാഞ്ഞിരപ്പള്ളി സീറ്റുകൂടി ബിജെപി വിട്ടുകൊടുത്തേക്കും. കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് കാര്യമായ സംഘടനാ സംവിധാനമുണ്ട്. പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാന്‍ തയ്യാറായാല്‍ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കാന്‍ ബിജെപി തയ്യാറായേക്കും.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാമക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് പി.സി ജോര്‍ജ് സംഭാവന നല്‍കിയിരുന്നു. ഇതോടെയാണ് എന്‍ഡിഎ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.

നിയമസഭയില്‍ പരമാവധി സീറ്റുകള്‍ നേടിയെടുക്കുക എന്നതാണ് ബിജെപി ശ്രമിക്കുന്നത്. കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി തോമസാണ് ഇതിനായി ശ്രമം തുടങ്ങിയത്. കുറെനാളായി മുന്നണിയില്‍ നിന്ന് അകലം പാലിച്ച പി.സി തോമസ് തിരികെ സജീവമായിട്ടുമുണ്ട്. പാലാ സീറ്റ് ഇത്തവണ എന്‍ഡിഎ പി.സി തോമസിന് നല്‍കിയേക്കും. പി.സി. ജോര്‍ജ് മുന്നണിയിലേക്ക് വന്നാല്‍ പാലായില്‍ വിജയ സാധ്യതയുണ്ടെന്നാണ് പി.സി തോമസിന്റെ വിലയിരുത്തല്‍. അതുകൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ നീക്കം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.