ന്യൂഡല്‍ഹി: വിശ്വാസവോട്ടില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കിയ വി. നാരായണസ്വാമി സര്‍ക്കാര്‍ വീണു. ഇതേ തുടര്‍ന്ന മുഖ്യമന്ത്രി ലഫ്. ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. ഞായറാഴ്ച രണ്ട് എംഎല്‍എ മാര്‍ കൂടി രാജി വെച്ചതോടെ ഭരണപക്ഷമായിരുന്ന കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം 14 ല്‍ നിന്നും 12 ലേക്ക് വീണിരുന്നു. ഇതോടെ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന ഒരേയൊരു സര്‍ക്കാരും വീണു.
ഏഴ് എം.എല്‍.എമാര്‍ രാജിവച്ചതിനാല്‍ ആകെ നിയമസഭാംഗങ്ങളുടെ എണ്ണം 26 ആണ്. ഭരിക്കാനാവശ്യമായ ഭൂരിപക്ഷം 14 ആയിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ. ലക്ഷ്മിനാരായണന്, ഡി.എം.കെ. എം.എല്‍.എ. വെങ്കടേശന് എന്നിവരാണു ഞായറാഴ്ച രാജി വച്ചത്. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് നാരായണസ്വാമി ആത്മവിശ്വാസം കൊണ്ടിരുന്നെങ്കിലും നാടകീയ രംഗങ്ങള്‍ക്കാണ് സഭ സാക്ഷ്യം വഹിച്ചത്. വിശ്വാസ വോട്ടെടുപ്പില്‍ സഭയിലുള്ള മുന്ന് അംഗങ്ങള്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് സഭ ബഹിഷ്ക്കരിക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ വീണതായി സഭാ അദ്ധ്യക്ഷന്‍ വ്യക്തമാക്കുകയായിരുന്നു.
പുതിയ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഈ കാലയളവില്‍ ഗവര്‍ണര്‍ ഭരിക്കും. രാജി സമര്‍പ്പിച്ചതിന് പിന്നാലെ ലഫ്.ഗവര്‍ണര്‍ക്കെതിരേ കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനവും നടത്തി. മുന്‍ ഗവര്‍ണര്‍ കിരണ്‍ബേദി പ്രതിപക്ഷവുമായി നടത്തിയ രഹസ്യധാരണയാണ് മന്ത്രിസഭ വീഴാന്‍ കാരണമായതെന്ന് നാരായണ സ്വാമി ആരോപിച്ചു. തന്റെ സര്‍ക്കാര്‍ മറിച്ചിടാന്‍ കിരണ്‍ബേദിയാണ് എല്ലാ നീക്കം നടത്തിയതെന്നും കേന്ദ്രത്തിന്റെ ആനുകൂല്യങ്ങള്‍ തടസ്സപ്പെടുത്തിയെന്നും പറഞ്ഞു.
ഇന്നലെ കോണ്‍ഗ്രസ് എംഎല്‍എ കെ. ലക്ഷ്മി നാരായണനും ഭരണപങ്കാളിയായ ഡിഎംകെ യുടെ കെ. വെങ്കിടേശനുമാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്നും തനിക്ക് വേണ്ടത്ര പരിഗണന കി്ട്ടുന്നില്ലെന്നായിരുന്നു ലക്ഷ്മി നാരായണന്റെ പരാതി. തന്നെ പ്രതിപക്ഷത്തെ എന്‍ആര്‍ കോണ്‍ഗ്രസും ബിജെഎപിയും വരെ സമീപിച്ചിട്ടും പാര്‍ട്ടി തന്നെ മന്ത്രിയായിട്ടോ സ്പീക്കറായിട്ടോ പാര്‍ട്ടിയുടെ തലപ്പത്തോ ഇരുത്താന്‍ താല്പ്പര്യപ്പെട്ടില്ലെന്നും പറഞ്ഞു. രണ്ടു രാജി കൂടി വന്നതോടെ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ സീറ്റ് 12 ആയി സഭയില്‍ കുറഞ്ഞു. മറുവശത്ത് എതിരാളികളായ എന്‍ആര്‍ കോണ്‍ഗ്രസിന്റെ നില 14 എംഎല്‍എ മാരുമായി.
ബിജെപിക്കാരായ മുന്ന് നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശം അനുവദിക്കരുതെന്ന് നേരത്തേ കോണ്‍ഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഈ മൂന്ന് പേരെ ഒഴിവാക്കിയാല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടെന്നും പറഞ്ഞു. എന്നാല്‍ നാമനിര്‍ദേശം ചെയ്ത എംഎല്‍എമാര്‍ക്കും വോട്ടവകാശമുണ്ടെന്ന സുപ്രീംകോടതി നിലവിലുണ്ട്. വ്യാഴാഴ്ചയായിരുന്നു ലഫ്നന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്രാജന് വി നാരായണസ്വാമിയോട് വിശ്വാസം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്. കിരണ്‍ബേദി ചൊവ്വാഴ്ച മാറിയ പശ്ചാത്തലത്തിലാണ് തമിഴിസൈ സൗന്ദര്‍രാജനെ ലഫ്നന്റ് ഗവര്‍ണറായി ചുമതലപ്പെടുത്തിയത്.
നാലുപേര്‍ രാജിവെച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരുന്നു. രണ്ടുപേര്‍ ജനുവരിയില്‍ തന്നെ രാജിവെച്ച ബിഠജെപിയില് ചേര്‍ന്നിരുന്നു. ഓപ്പറേഷന് കമലയിലൂടെ തന്റെ സര്‍ക്കാരിനെയും അട്ടിമറിക്കാന്‍ ബിജെപി നടത്തിയ ശ്രമമായിരുന്നു ഇതെന്നും പറഞ്ഞു. പുതിയ തെരഞ്ഞെടുപ്പിന് വെറും മുന്ന് മാസം മാത്രം ബാക്കി നില്‍ക്കേ സര്ക്കാരുണ്ടാക്കുന്നോ പ്രസിഡന്റ് ഭരണത്തിലേക്ക് വിടുന്നോ എന്ന് എന്‍ആര്‍ കോണ്‍ഗ്രസിനോട് ലഫനന്റ് ഗവര്‍ണര്‍ ചോദിച്ചിരിക്കുകയാണ്.