ഞങ്ങളുടെ എംഎൽഎ അൻവറിനെ വിട്ടുതരൂ ഇല്ലെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരും; ഘാന പ്രസിഡന്റിന്റെ ഫേസ്ബുക് പോസ്റ്റിൽ കമന്റുമായി മലയാളികൾ; 'ആഗ്രഹങ്ങൾ കൊള്ളാം ആളു മാറിപ്പോയെന്ന്' പി.വി അൻവർ


കോഴിക്കോട്: തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നിറയുന്ന അജ്ഞാത ഭാഷയിലുള്ള കമന്റുകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആഫ്രിക്കന്‍ രാജ്യമായ റിപ്പബ്ലിക് ഓഫ് ഘാനയുടെ പ്രസിഡന്റ് നാന കുഫോ അഡ്ഡോയ്ക്ക്‌. സംഭവം മറ്റൊന്നുമല്ല, മലയാളികളുടെ സോഷ്യല്‍ മീഡിയ വിനോദമാണ്‌ അദ്ദേഹത്തെ കുഴക്കിയിരിക്കുന്നത്.

ഘാന പ്രസിഡന്റിന്റെ ഫേയ്‌സ്ബുക്ക് പേജില്‍ നിറയെയുള്ളത് മലയാളത്തിലുള്ള കമന്റുകളാണ്. കമന്റുകളിലെ ആവശ്യം ഏറെ കൗതുകകരമാണ്. നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിനെ വിട്ടുതരണമെന്നാണ് മലയാളികള്‍ കൂട്ടത്തോടെ ഘാന പ്രസിഡന്റിനോട് ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഭീഷണി മുഴക്കുന്നു.

സംഭവത്തിന്റെ കിടപ്പ് ഇങ്ങനെ- പി.വി. അന്‍വര്‍ ഘാനയിലാണുള്ളതെന്നും എന്തോ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അവിടെ തടവിലാക്കിയിരിക്കുകയാണെന്നുമുള്ള അഭ്യൂഹം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ കംവദന്തിയെ ട്രോളിനുള്ള നല്ലൊരു അവസരമായി കണ്ടാണ് മലയാളികളുടെ ഫെയ്‌സ്ബുക്ക് പൊങ്കാല. ട്രോളുകളും പരിഹാസങ്ങളുംതന്നെയാണ് കമന്റുകളില്‍ നിറയുന്നത്.

ഘാന പ്രസിഡന്റിന്റെ ഏറ്റവും ഒടുവിലത്തെ ഫേയ്ബുക്ക് പോസ്റ്റിന് ലഭിച്ചിരിക്കുന്നത് മൂവായിരം കമന്റുകളാണ്. എല്ലാം ഒരേ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ളത്. പി.വി അന്‍വറിനെ ഉടന്‍ വിട്ടയയ്ക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും കമന്റുകളില്‍ പറയുന്നു. അന്‍വറിനെക്കുറിച്ചുള്ള നിരവധി വിശേഷണങ്ങളും പരിഹാസങ്ങളും കൊണ്ട് സമ്പന്നമാണ് കമന്റുകള്‍. ജപ്പാനും മഴമേഘങ്ങളുമെല്ലാം കമന്റുകളില്‍ നിറയുന്നുണ്ട്.

പി.വി. അന്‍വറിനെ കാണാനില്ലെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി അദ്ദേഹം മണ്ഡലത്തിലോ തിരുവനന്തപുരത്തോ സ്വന്തം വീട്ടിലോ ഇല്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. നിയമസഭാ സമ്മേളനത്തില്‍ എം.എല്‍.എ. പങ്കെടുക്കാതിരുന്നതും ആരോപണങ്ങള്‍ക്കിടയാക്കി.

തന്നെ കാണാനില്ലെന്ന ആരോപണത്തിന് അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയിലാണുള്ളതെന്നും ബജറ്റ് സമ്മേളത്തിന് വരാന്‍ തയ്യാറെടുക്കവേ കോവിഡ് പോസിറ്റീവ് ആയെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് അദ്ദേഹം ഘാനയിലെ ജയിലിലാണെന്ന അഭ്യൂഹം പ്രചരിച്ചത്.

താന്‍ ഘാന ജയിലിലാണെന്ന ആക്ഷേപത്തിന് മറുപടിയുമായി അന്‍വര്‍ രംഗത്തെത്തിയിട്ടുണ്ട്. ഘാനയില്‍ ജയിലില്‍ ആണത്രേ!! ആഗ്രഹങ്ങള്‍ കൊള്ളാം.. പക്ഷേ,ആളുമാറി പോയി.. ലേറ്റായി വന്താലും ലേറ്റസ്റ്റായ് വരവേ.. വെയ്റ്റ്, എന്നാണ് അന്‍വറിന്റെ ഏറ്റവും ഒടുവിലത്തെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.


പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ:


ഘാനയിൽ ജയിലിൽ ആണത്രേ!!

ആഗ്രഹങ്ങൾ കൊള്ളാം..

പക്ഷേ,ആളുമാറി പോയി..

ലേറ്റായി വന്താലും
ലേറ്റസ്റ്റായ്‌ വരവേ..

വെയ്റ്റ്‌

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.