'സിപിഎം കൊടിപിടിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നും സ്വർണം കടത്താം'; സർക്കാരിനെതിരെ ആഞ്ഞടിച്ച്- രാഹുൽ ഗാന്ധി


തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി എം.പി. സി.പി.എം കൊടി പിടിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നും സ്വർണം കടത്താമെന്നു രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളവർക്കെതിരായ കേസുകൾ എന്തുകൊണ്ടാണ് ഇഴഞ്ഞ് ഇഴഞ്ഞ് പോകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയുള്ള ഇഡിയുടെയും കസ്റ്റംസിന്റെയും സ്വർണക്കടത്തു കേസ് അന്വേഷണം ഇഴയുന്നതെന്താണെന്നു മനസിലാകുന്നില്ല. എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ ഇടതുപക്ഷ സര്‍ക്കാരിനെ ആക്രമിക്കാത്തത്. ഇക്കാര്യത്തില്‍ തനിക്ക് ആശയകുഴപ്പമുണ്ടെന്നും രാഹുൽ പറഞ്ഞു. എല്ലാം ശരിയാക്കുമെന്നു പറഞ്ഞത് ജനങ്ങൾക്കു വേണ്ടിയാണോ പാർട്ടിക്കുവേണ്ടിയാണോയെന്നു എൽഡി.എഫ് വ്യക്തമാക്കണം. ഇടതു പാർട്ടിയിലാണെങ്കിൽ മാത്രം ജോലി ലഭിക്കുകയും പാർട്ടി കൊടിപിടിച്ചാൽ സ്വർണക്കടത്ത് അനുവദിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

എന്തുകൊണ്ടാണ് ഇവിടുത്തെ അഭ്യസ്ഥവിദ്യര്‍ക്ക് ജോലികിട്ടാത്തത്. നിങ്ങള്‍ ഇടതുപക്ഷത്താണെങ്കിൽ ജോലി ലഭിക്കുന്ന അവസ്ഥയാണ് കേരളത്തിൽ. സാധാരണക്കാരായ ചെറുപ്പക്കാർക്കു ജോലി വേണമെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിക്കേണ്ടി വരും. നിരാഹാരം കിടന്നാലും മുഖ്യമന്ത്രി ചർച്ച നടത്തില്ല. രാഹുൽ പറഞ്ഞു.

ജനങ്ങൾക്ക് അടിസ്ഥാന വേതനമൊരുക്കുന്ന ന്യായ് പദ്ധതി പ്രകടന പത്രികയിൽ ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംസ്ഥാന സർക്കാരുനു പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ബിജെപി സര്‍ക്കാരിനെതിരെയും രാഹുല്‍ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

ഇടതു സർക്കാരിനെ പോലെ ഒരു സർക്കാരും ഇത്രയും അഴിമതി നടത്തിയിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം പറഞ്ഞ ഓരോ അഴിമതിയും സത്യമാണെന്നു തെളിഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ അഴിമതിക്കാരെ വിലങ്ങുവയ്ക്കും. കടലിനെ വിൽക്കാൻ ശ്രമിച്ച സർക്കാരിനോട് കടലിന്റെ മക്കൾ ക്ഷമിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
പത്തു വോട്ടിനു വേണ്ടി വര്‍ഗീയത പരത്താൻ ശ്രമിക്കുന്ന സിപിഎമ്മിനും ബിജെപിക്കുമുള്ള ശക്തമായ താക്കീതാണ് യോഗത്തിലെ വലിയ ജനക്കൂട്ടമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. വർഗീയത പരത്താനുള്ള ശ്രമത്തിന് എൽഡിഎഫ് വലിയ വിലകൊടുക്കേണ്ടി വരും. ജനമനസ് യുഡിഎഫിനു പിന്നില്‍ അണിനിരന്നിരിക്കുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.