തിരുവനന്തപുരം: ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള തീരത്ത് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കുത്തക കമ്പനിയായ ഇ.എം.സി.സിക്ക് അനുമതി നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതിയുണ്ട്. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
'അസെന്റ് 2018' എന്ന നിക്ഷേപ സമാഹരണ സമ്മേളനത്തിലാണ് മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി ധാരണയിലെത്തിയത്. ഫിഷറീസ് മന്ത്രി നടത്തിയ അമേരിക്കന്‍ യാത്രയിലാണ് ഇതിനുള്ള ഗൂഢാലോചന നടന്നത്. മന്ത്രിസഭയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെയാണ് കരാര്‍ എടുത്തത്. സ്പ്രിംങ്ക്ളറിനേയും ഇമൊബിലിറ്റിയേയുകാള് വലിയ അഴിമതിയാണിത്.
രണ്ടു വര്‍ഷം മുന്‍പ് മാത്രം സ്ഥാപിച്ച കമ്പനിയാണിത്. 2020ല്‍ കൊച്ചിയില്‍ നടന്ന യോഗത്തിലേക്ക് കമ്പനിയെ വിളിച്ചുവരുത്തി. ഇഎംസിസിയുടെ ഇന്ത്യയിലെ ഏജന്‍സിയാണ് യോഗത്തില്‍ പങ്കെടുത്തത്. 10 ലക്ഷം രൂപ മാത്രമാണ് കമ്പനിയുടെ മൂലധനം. താല്പര്യ പത്രമോ ഗ്ലോബല്‍ ടെന്‍ഡറുകള്‍ ക്ഷണിക്കാതെയാണ് കരാര്‍ നല്‍കിയത്.
കരാര്‍ പ്രകാരം 400 യന്ത്രവത്കരണ ട്രോളറുകള്‍ മത്സ്യബന്ധനത്തിന് ഇറങ്ങാന്‍ പോകുന്നു. രണ്ട് കോടിയാണ് ഓരോന്നിന്റേയും വില. രണ്ട് മദര്‍ ഷിപ്പുകള്‍ വരും. 75 കോടിയാണ് ഓരോന്നിന്റേയൂം വില. കമ്പനിക്ക് മത്സ്യസംസ്കരണ യൂണിറ്റ് സ്ഥാപിക്കാന്‍ ചേര്‍ത്തലയിലെ പള്ളിപ്പുറത്ത് നാലേക്കര്‍ സ്ഥലം മാറ്റിവച്ചിരിക്കുകയാണ്.
കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കന്‍ കുത്തക കമ്പനി തട്ടിക്കൊണ്ടുപോകുന്നു. മൂന്നു വര്‍ഷം കൊണ്ട് മത്സ്യ സമ്പത്ത് നശിക്കും. മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാകുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.