മുഖ്യമന്ത്രിയെ തന്നെ തട്ടിക്കൊണ്ടുപോയാലും ഇവിടെ ആരുമറിയില്ല; കെഎസ്ആർടിസി ബസ് മോഷണം പോയ സംഭവത്തിൽ പരിഹാസവുമായി- രമേശ് ചെന്നിത്തല


പാലക്കാട്: കേരളത്തില്‍ മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ആരുമറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് മോഷണം പോയ സംഭവത്തില്‍ പോലീസിന് ഇതുവരെ പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചില്ലെന്ന വാര്‍ത്ത ഉദ്ധരിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

'കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി. ബസ് അര്‍ധരാത്രി ആരോ മോഷ്ടിച്ച് കൊണ്ടുപോയിരിക്കുന്നു. ആ മോഷ്ടാവിനെക്കുറിച്ച് ഇതുവരെ പോലീസിന് യാതൊരു വിവരവും ഇല്ല. മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ഇവിടെ ആരുമറിയില്ല. എന്തൊരു നാടാണിത്. കള്ളന്മാരെല്ലാം ഇപ്പോള്‍ കേരളത്തിലാണ്. തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ ഇപ്പോള്‍ കള്ളന്മാരില്ല. കാരണം പിണറായി ഭരിക്കുന്നത് കൊണ്ട് അവരെല്ലാം ഇപ്പോള്‍ കേരളത്തിലാണ്. ഇത്രയും മോഷണവും പിടിച്ചുപറിയും നടക്കുന്ന കാലം കേരളത്തിലുണ്ടായിട്ടുണ്ടോ? സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഇത്രയേറെ നടന്ന കാലമുണ്ടായിട്ടുണ്ടോ? 35 രാഷ്ട്രീയ കൊലപാതകങ്ങള്‍, ഏഴ് കസ്റ്റഡി മരണങ്ങള്‍, വാളയാറിലെ പിഞ്ചുകുട്ടികളോട് പോലും നീതി പുലര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല'- രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ അരാജകത്വം കൊടികുത്തി വാഴുകയാണെന്നും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. 'മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് നടക്കുന്നു, പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ കഞ്ചാവ് കച്ചവടം നടത്തുന്നു. കേരളത്തെ അപമാനിച്ച സര്‍ക്കാരാണിത്, പാവപ്പെട്ടവനെ വേട്ടയാടിയ സര്‍ക്കാരാണിത്'- അദ്ദേഹം പറഞ്ഞു.

ഐശ്വര്യ കേരള യാത്രയ്ക്ക് പാലക്കാട് തരൂരില്‍ നല്‍കിയ സ്വീകരണയോഗത്തിലാണ് പ്രതിപക്ഷ നേതാവ് സംസ്ഥാന സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്. രമ്യ ഹരിദാസ് എം.പി. അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സ്വീകരണയോഗത്തില്‍ പങ്കെടുത്തിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.