യുഡിഎഫ് അധികാരത്തിൽ വന്നാൽ പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന്- രമേശ് ചെന്നിത്തല


കോട്ടയം: യുഡിഎഫ് അധികാരത്തില്‍ വന്നാൽ പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിയമ ഭേദഗതിക്കെതിരായി സമരം ചെയ്തവര്‍ക്കെതിരായ ആയിരക്കണക്കിന് കേസുകള്‍ നിലവിലുണ്ട്. അത് പിന്‍വലിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ടും സമാനമായ സമരം നടന്നു. നാമജപഘോഷയാത്ര നടത്തിയവരുടെ പേരില്‍ ആയിരക്കണക്കിന് കേസുകള്‍ നിലവിലുണ്ട്. അതും പിന്‍വലിക്കണം. ഈ രണ്ടുകാര്യങ്ങളും സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ കേസുകള്‍ പിന്‍വലിക്കും. ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴസുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. നാട്ടില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങളെല്ലാം സ്ഥിരപ്പെടുത്താന്‍ വേണ്ടിയാണ് താന്‍ മുഖ്യമന്ത്രിയായത് എന്ന നിലയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത് പിന്‍വാതില്‍ നിയമനം നടത്തിയവരെ സ്ഥിരപ്പെടുത്താനാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് റാങ്ക് ലിസ്റ്റിലുളള തൊഴില്‍രഹിതരോടുളള വെല്ലുവിളിയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്ന ഫയലുകള്‍ കുന്നുകൂടി കിടക്കുമ്പോഴാണ് പാര്‍ട്ടിക്കാരേയും വേണ്ടപ്പെട്ടവരേയും കൂട്ടമായി സ്ഥിരപ്പെടുത്താനുളള ഫയലുകള്‍ ശരവേഗത്തില്‍ നീങ്ങിയത്. ഇതിനായി ശനിയും ഞായറും സെക്രട്ടറിയേറ്റ് പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തെ കുറിച്ചും ചെന്നിത്തല പ്രതികരിച്ചു. 'പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നു. ഇംഗ്ലീഷില്‍ പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി ബിപിസിഎല്ലിന്റെ സ്വകാര്യവത്കരണത്തെ കുറിച്ച് മലയാളത്തില്‍ പറഞ്ഞു. ഇത് പ്രധാനമന്ത്രിക്ക് മനസ്സിലാകാതിരിക്കാനാണ്.' ചെന്നിത്തല പറഞ്ഞു.

മാണി സി.കാപ്പന്റെ യുഡിഎഫിലേക്കുളള വരവ് യുഡിഎഫിന് ഗുണം ചെയ്യും. എല്‍ഡിഎഫ് ഒരു മുങ്ങുന്ന കപ്പലാണെന്ന് എല്ലാവര്‍ക്കും അറിയാം. സീറ്റുവിഭജനം ഉള്‍പ്പടെയുളള മറ്റുനടപടികള്‍ ആലോചിച്ച് തീരുമാനിക്കും. കാപ്പന്റെ യുഡിഎഫിലേക്കുളള വരവിനെ കുറിച്ചുളള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ചെന്നിത്തല പ്രതികരിച്ചു.

സംസ്ഥാനത്ത് വികസനം നടത്തുന്നതിന് പകരം ഇമേജ് വര്‍ധിപ്പിക്കാനും പിആര്‍ ഏജന്‍സികളുടെ ശക്തി വര്‍ധിപ്പിക്കാനും വേണ്ടിയാണ് ഇപ്പോള്‍ പരസ്യങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ നടക്കുന്നത് വാചകമടി വികസനം മാത്രമാണ്. ഒരു വന്‍കിട വികസന പദ്ധതിയും നടപ്പാക്കാതെ യുഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ വികസന പദ്ധതികള്‍ ഏറ്റുപിടിക്കുന്നു എന്നതല്ലാതെ തങ്ങളുടേതായ ഒരു പദ്ധതിയും നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

വര്‍ഗീയത സിപിഎമ്മിന്റെ അജണ്ടയായി മാറിയിരിക്കുകയാണ്. കേരളത്തിലെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കേരളത്തിലെ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നു. അതാണ് യഥാര്‍ഥ വര്‍ഗീയത. അത് കേരളത്തിന് ആപത്താണ്. ബി.ജെ.പിയും സിപിഎമ്മും തമ്മില്‍ വലിയ ഐക്യമുണ്ടായിട്ടുണ്ട്. അത് ജനങ്ങള്‍ അറിയണം. സുരേന്ദ്രന്റെ ജാഥയുടെ പേര് 'വിജയ'ജാഥയെന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.