മലമ്പുഴ(പാലക്കാട്): പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇവരുടെ അമ്മയുടെ സുഹൃത്തായ യുവാവ് അറസ്റ്റിൽ. പ്രാദേശിക കോണ്ഗ്രസ് നേതാവായ പുതുപ്പരിയാരം നൊട്ടംപാറ രാഹുൽ നിവാസിൽ പി.സി. രമേഷിനെയാണ് (40) കുട്ടികൾക്കെതിരായ ലൈംഗികകുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്.
മലമ്പുഴയ്ക്കടുത്തുള്ള പെൺസുഹൃത്തിന്റെ വാടകവീട്ടിൽ, അവരുടെ പതിന്നാലും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥി ആയി മത്സരിച്ചു തോറ്റയാളാണ് അറസ്റ്റിലായ രമേഷ്.
ജനുവരി 10 മുതൽ 22 വരെയുള്ള കാലയളവിലായിരുന്നു പീഡനം. ഈ ദിവസങ്ങളിൽ കുട്ടികളുടെ മുത്തശ്ശിക്ക് സുഖമില്ലാത്തതിനെത്തുടർന്ന് അമ്മ അവർക്കൊപ്പം വാണിയംകുളത്തെ ആശുപത്രിയിലായിരുന്നു. മൊബൈൽഫോണിൽ കുട്ടികളെ അശ്ലീല വീഡിയോകൾ കാണിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. വിവരം പുറത്തറിയിച്ചാൽ അമ്മയെ കൊല്ലുമെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തി. കുട്ടികൾ പേടിച്ച് പീഡനവിവരം പുറത്ത് പറഞ്ഞിരുന്നില്ല.
പിന്നീട് പരിചയമുള്ള പൊതുപ്രവർത്തകയോട് കുട്ടികൾ സംഭവം പറഞ്ഞു. ഇവർ കുട്ടികളുടെ അമ്മയെയും പോലീസ് സ്റ്റേഷനിലും വിവരമറിയിക്കയായിരുന്നു. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അധികൃതരുടെ സഹായത്തോടെ പീഡനത്തിനിരയായ പതിന്നാലുകാരിയിൽനിന്ന് പോലീസ് മൊഴിയെടുത്തു. തുടർന്നാണ് രമേഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.