സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും; 'ഡയസ്‌നോൺ' പ്രഖ്യാപിച്ച് സർക്കാർ


തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷസംഘടനകളിൽപ്പെട്ട ഒരുവിഭാഗം ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡ‍റേഷൻ (യുടിഇഎഫ്) ആണ് നേതൃത്വം നൽകുന്നത്. ശമ്പളപരിഷ്കരണറിപ്പോർട്ടിലെ അപാകങ്ങൾ പരിഹരിക്കണം എന്നതുൾപ്പെടെയാണ് ജീവനക്കാർ ഉന്നയിക്കുന്ന ആവശ്യം. ഇതിനിടെ പണിമുടക്കിന് സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചു. ഗസറ്റഡ് ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഒരുതരത്തിലുമുള്ള അവധി അനുവദിക്കില്ല.

ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, സർവീസ് വെയ്റ്റേജ് പുനഃസ്ഥാപിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, എച്ച്ബിഎ പുനഃസ്ഥാപിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, മെഡിസെപ് യാഥാർഥ്യമാക്കുക, കരാർ–കൺസൽറ്റൻസി നിയമനങ്ങൾ പിൻവലിക്കുക, പങ്കാളിത്ത പെൻഷനിൽ സർക്കാർ വിഹിതം ഉയർത്തുക, മിനിമം പെൻഷൻ ഉറപ്പാക്കുക, പെൻഷൻ പ്രായം ഉയർത്തി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കെന്ന് യുടിഇഎഫ് ചെയർമാൻ ചവറ ജയകുമാർ അറിയിച്ചു.

പണിമുടക്കിൽ പങ്കെടുത്ത് ജോലിക്ക് ഹാജരാകാത്തവർക്ക് ഡയസ്നോൺ ബാധകമായിരിക്കുമെന്നു പൊതുഭരണ വകുപ്പ് അറിയിച്ചു. ഇവരുടെ ശമ്പളം മാർച്ചിലെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും. രാവിലെ 11.30ന് മുൻപായി വകുപ്പ് മേധാവികൾ ഓഫിസുകളിലെ ഹാജർ നില പൊതുഭരണവകുപ്പിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.
ഓഫീസ് തലവൻ പണിമുടക്കിൽ പങ്കെടുക്കുകയും ഓഫീസ് അടഞ്ഞുകിടക്കുകയുംചെയ്താൽ ജില്ലാ ഓഫീസർ മുമ്പാകെ റിപ്പോർട്ടുചെയ്യണം. പണിമുടക്കാത്തവർക്ക് ഓഫീസുകളിൽ തടസ്സംകൂടാതെ എത്താൻ പൂർണസുരക്ഷ ഉറപ്പാക്കാനും സർക്കാർ നിർദേശം നൽകി. ഇതിനുള്ള ക്രമീകരണം പോലീസ് മേധാവി ഏർപ്പെടുത്തണം. അനുമതിയില്ലാതെ ഹാജരാകാത്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിടും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.