റിപ്പബ്ലിക്ക് ദിനത്തിലെ ചെങ്കോട്ട ആക്രമണം; സുഖ് ദേവ് സിങ് അറസ്റ്റിൽ


ന്യൂഡൽഹി: ചെങ്കോട്ട ആക്രമണ കേസില്‍ പ്രതിയായ സുഖ്ദേവ് സിങിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സുഖ്ദേവിനെ കണ്ടെത്തുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ചണ്ഢിഗഢില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 10 ദിവസമായി ഡല്‍ഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ച് വിഭാഗം സുഖ്ദേവ് സിങ്ങിനെ അന്വേഷിക്കുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് ചണ്ഢിഗഢിലെത്തിയത്.

ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയാണ് സുഖ്ദേവ് സിംങ്. സെന്‍റേര മാളിനടുത്ത് നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇതോടെ റിപ്പബ്ലിക് ദിന അക്രമത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 127 ആയി.

കാർഷിക നിയമങ്ങള്‍ക്ക് എതിരായ ഡല്‍ഹി അതിർത്തികളിലെ സമരം 75ാം ദിവസത്തിലേക്ക് കടന്നു. ഡല്‍ഹി അതിർത്തികള്‍ക്കൊപ്പം പ്രാദേശികതലത്തിലേക്കും സമരം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍.

ഉത്തരേന്ത്യയില്‍ മഹാപഞ്ചായത്തുകള്‍ തുടരും. ബികെയു നേതാവ് രാകേഷ് ടികായത്ത് അടക്കമുള്ളവർ മഹാപഞ്ചായത്തുകളെ അഭിസംബോധന ചെയ്യുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ കർഷക സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും. രാജസ്ഥാനില്‍ 12ന് നടക്കുന്ന കർഷകരുടെ റാലിയെ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും.

അതേസമയം രാജ്യസഭയിലിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് 10.30ക്ക് മറുപടി നൽകും. പ്രധാനമന്ത്രിയുടെ സഭയിലെ വാക്കുകളെ ആശ്രയിച്ചായിരിക്കും പ്രതിഷേധം. സർക്കാരിന്‍റെ കർഷകക്ഷേമ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചേക്കും. കോണ്‍ഗ്രസ് എംപിമാർക്ക് വിപ്പ് നല്കിയിട്ടുണ്ട്. ലോക്‍സഭ നടപടികള്‍ തടസപ്പെടുന്നത് അവസാനിപ്പിക്കാൻ ഉച്ചയ്ക്ക് രണ്ടിന് സ്പീക്കർ ഓം ബിർള കക്ഷി നേതാക്കളെ കാണും. കർഷക പ്രതിഷേധങ്ങളിൽ പ്രത്യേക ചർച്ചയാകാമെന്ന് സർക്കാർ അറിയിച്ചേക്കും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.