'ഏറ്റുമുട്ടേണ്ടത് ആശയങ്ങോടാണ്, വീട്ടിലിരിക്കുന്ന പെണ്ണുങ്ങളോടല്ല'; എംഎല്‍എ ശബരിനാഥന്റെ അമ്മ- സുലേഖ


കൊച്ചി: രാഷ്ട്രീയ വിജയത്തിനായി എതിരാളികളുടെ വീട്ടിലിരിക്കുന്നവരെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് ശബരിനാഥന്‍ എംഎല്‍എയുടെ അമ്മയും അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്റെ ഭാര്യയുമായ സുലേഖ ടീച്ചര്‍. ഫെയ്‌സ്ബുക്കില്‍ കുറിപ്പിലൂടെയാണ് സുലേഖ ടീച്ചര്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തന്റെ വിദ്യാഭ്യാസ യോഗ്യതകളും ഇതുവരെ ചെയ്തിരുന്ന ജോലികളും വഹിച്ച പദവികളും ചൂണ്ടിക്കാട്ടിയാണ് ടീച്ചറുടെ കുറിപ്പ്. ശബരിനാഥനോടുള്ള വിരോധം തീര്‍ക്കാനായി വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കരുതെന്ന് കുറിപ്പില്‍ ആവശ്യപ്പെടുന്നു.

എതിരാളികളെ പ്രതിരോധിക്കാനായി വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ നേതൃത്വം ഇടപെടണമെന്നും ടീച്ചര്‍ ആവശ്യപ്പെടുന്നു. 'ഏറ്റുമുട്ടേണ്ടത് ആശയങ്ങളോടാണെന്നും വീട്ടില്‍ ഇരിക്കുന്ന പെണ്ണുങ്ങളോടല്ലെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കുക. ഏതു അഭിപ്രായ വ്യത്യാസത്തിനിടയിലും പരസ്പരം ബഹുമാനം കാത്തു സൂക്ഷിച്ചിരുന്ന ജി കാര്‍ത്തികേയന്റെ ഭാര്യയാണ് അദേഹത്തിന്റെ അദേഹത്തിന്റെ അടുപ്പക്കാരായിരുന്ന മുതിര്‍ന്ന നേതാക്കളോട് ഇതു പറയുന്നത്' ടീച്ചര്‍ കഉറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങിനെ:

എന്റെ ഭര്‍ത്താവും എന്റെ മകനും രാഷ്ട്രീയരംഗം പ്രവര്‍ത്തനമേഖല ആക്കിയവരാണ്.. അച്ഛന്‍ 16വയസ്സു മുതലും മകന്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ താമസിച്ചും രാഷ്ട്രീയ രംഗത്തു വന്നവര്‍. അച്ഛനെ എതിര്‍ക്കാന്‍ പണ്ട് എതിരാളികള്‍ ഉപയോഗിച്ച ചില കള്ളങ്ങള്‍, അതിന്റെ അര്‍ഥ ശൂന്യത മനസ്സിലാക്കി സ്വയം പിന്‍വലിക്കുന്ന മനോഭാവത്തില്‍ എത്തിയതും, അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെയും രാഷ്ട്രീയ പക്വതയുടെയും മുന്‍പില്‍ അവര്‍ അടിയറവു പറയുന്നതും രാഷ്ട്രീയകേരളം കണ്ടതാണ്.ജീവിച്ചിരുന്നകാലത്തും മണ്‍ മറഞ്ഞ ശേഷവും കേരളം അദ്ദേഹത്തിന് നല്‍കുന്ന വില അദ്ദേഹത്തിന്റെയും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ച ആദര്‍ശാധിഷ്ഠിത ജീവിതത്തിന്റെയും സാക്ഷ്യപത്രങ്ങള്‍ കൂടിയാണ്.

ശബരീനാഥന്‍ രാഷ്ട്രീയ രംഗത്തു സജീവമായ സാഹചര്യംകേരളത്തില്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്.സംശുദ്ധമായ രാഷ്ട്രീയ ജീവിതം നയിച്ച ഒരാളുടെ മകന്‍ എന്ന നിലയിലും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ സജീവമായ കെ എസ് യു പ്രവര്‍ത്തനംനടത്തിയ ഒരാള്‍ എന്ന നിലയിലും രാഷ്ട്രീയം ശബരിക്ക് പുത്തരിയായിരുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും യു ഡി എഫും അയാളെ അരുവിക്കരയിലെ ഉപതെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ വീണ്ടും എന്റെ ഔദ്യോഗിക പദവികളുമായി ബന്ധപ്പെട്ടു പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ ഉപയോഗിച്ചു തുടങ്ങി.2016ലെ ഉപതെരെഞ്ഞെടുപ്പില്‍, ഈ കള്ളക്കഥകളുള്ള നോട്ടീസ് ഇറക്കിഅവര്‍ പരീക്ഷണം നടത്തിയതാണ് . അത്തരം നുണ പ്രചാരണത്തിന് മറുപടിയായി, ഉപതിരഞ്ഞെടുപ്പില്‍ നല്‍കിയ ഭൂരിപക്ഷത്തിന്റെ രണ്ടിരട്ടിയിലേറെഭൂരിപക്ഷം നല്‍കി അരുവിക്കരയിലെ പ്രബുദ്ധരായ ജനങ്ങള്‍ അവര്‍ക്ക് മറുപടി നല്‍കി.

ഇപ്പോള്‍, എം എല്‍ എ എന്ന നിലയിലും യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലയിലും ശ ബരീനാഥന്‍ നടത്തുന്ന ഇടപെടലുകള്‍ എതിരാളികളെ ഏറെ ആസ്വസ്ഥരാക്കുന്നു. പഴയ നുണപ്രചാരണങ്ങളുമായി സിപിഎം അണികള്‍ വീണ്ടും സജീവമാകുകയാണ്. അണികളോടൊപ്പം നേതാക്കന്മാരും ആ വഴിയേ സഞ്ചരിക്കുകയാണ്. പി എസ് സി. നിയമനങ്ങളുമായി ബന്ധപ്പെട്ടു കേരളത്തിലെ യുവാക്കള്‍ നടത്തുന്ന സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കുന്നതും, യൂത്തുകോണ്‍ഗ്രെസ്സ് ഭാരവാഹി എന്ന നിലയിലും സ്വന്തം നിലയിലും അവര്‍ക്കുവേണ്ടി ശബരി കൈക്കൊള്ളുന്ന ശക്തമായ നിലപാടുകളിലും വിറളിപൂണ്ട എതിരാളികള്‍,ശ്രദ്ധ തിരിക്കാനായി,ഞാന്‍ വളഞ്ഞ വഴിയിലൂടെ ഏതൊക്കെയോ പദവികള്‍ കൈക്കലാക്കി എന്ന കള്ളപ്രചരണവുമായി വീണ്ടും സജീവമാകുന്ന പശ്ചാത്തലത്തിലാണ് ഈ പോസ്റ്റ് ഇടേണ്ടി വരുന്നത്. ഞാന്‍ എന്തെന്നും എന്റെ യോഗ്യതകള്‍ എന്തെന്നും വിളിച്ചു പറയേണ്ടിവരുന്ന എന്റെ നിസ്സഹായത നിങ്ങള്‍ ദയവായി പൊറുക്കുക. ചാനലുകളിലും നവ മാധ്യമങ്ങളിലും സജീവമായ കോണ്‍ഗ്രസ് വിരുദ്ധ പോരാളികള്‍ ഉണ്ടാക്കിയതാണ് എന്റെ ഈ നിവൃത്തികേട്. ചാനലുകളില്‍ വരുന്ന, ഉത്തരവാദപ്പെട്ട രാഷ്ട്രീയപദവികള്‍ വഹിക്കുന്ന നേതാക്കന്മാര്‍ എന്നെ നിരന്തരമായി അപമാനിക്കുമ്പോള്‍ എന്റെ നിലപാട്, അനിഷ്ടം അവരെ അറിയിക്കേണ്ടതും ആവശ്യമാണ്.നിങ്ങളുടെ നിരന്തരമായ അപമാനിക്കല്‍, വ്യക്തി എന്ന നിലയിലും അന്തസ്സോടെ ജീവിക്കുന്ന ഒരു സ്ത്രീ എന്ന നിലയിലും ഇനിയും വെറുതെ കേട്ടിരിക്കാന്‍ ഞാന്‍ തയ്യാറല്ല.. അണികള്‍ക്കും ആ ബോധം ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കേരള സര്‍വ്വകലാശാലയില്‍ നിന്നും മലയാള സാഹിത്യത്തില്‍, 1975ല്‍ രണ്ടാം റാങ്കോടെ ബി.എ യും 1977ല്‍ ഒന്നാം റാങ്കോടെ എം.എ യും നേടിയ ആളാണ് ഞാന്‍. 1992ല്‍ പി.എച്ച്.ഡി.യും നേടി.എന്റെ മാര്‍ഗനിര്‍ദേശത്തില്‍ പത്തുപേര്‍ പി എഛ് ഡി യും നാലു പേര് എം.ഫില്‍ ഡിഗ്രിയും സാമ്പാദിച്ചിട്ടുണ്ട്. യു ജി സി കോളേജിധ്യാപകര്‍ക്കായിഏര്‍പ്പെടുത്തിയ ആദ്യത്തെ കരി യ ര്‍ അവാര്‍ഡ്,1994ഇല്‍ എനിക്കു ലഭിച്ചു. നീണ്ട 25 വര്‍ഷക്കാലം വിവിധ കോളേജുകളില്‍ അധ്യാപിക, 4 വര്‍ഷക്കാലം പ്രിന്‍സിപ്പല്‍,നാലര വര്‍ഷക്കാലം കേരള സര്‍വകലാശാലയുടെ പരീക്ഷാകണ്‍ട്രോളര്‍എന്നീ നിലകളില്‍ കേരളത്തില്‍ ഞാന്‍ ജോലി ചെയ്തു.ആരും വലിയ കുറ്റം പറയാത്ത ഏതാനും പുസ്തകങ്ങളും സര്‍വകലാശാലയും സര്‍ക്കാരും അംഗീകരിച്ച പ്രസിദ്ധീകരണങ്ങളില്‍ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2006ഇല്‍ നടന്ന എന്റെ പരീക്ഷാകണ്‍ട്രോളര്‍ നിയമനത്തിനെതിരെ അന്ന് ഒരു ഇടതുപക്ഷ അധ്യാപകനേതാവും മറ്റൊരു അധ്യാപകനും ഹൈ കോടതിയില്‍ കേസ് കൊടുത്തിരുന്നു.എന്റെ നിയമനം സ്റ്റേ ചെയ്യണം എന്ന അവരുടെ ആവശ്യം ഹൈ കോടതി സിംഗിള്‍ ബെഞ്ച് അനുവദിച്ചില്ല. കേസ് ഡിവിഷന്‍ ബെഞ്ചിലെത്തിയപ്പോള്‍, നിയമനത്തിന്റെ നടപടിക്രമങ്ങള്‍ യൂണിവേഴ്‌സിറ്റി കൃത്യമായി പാലിച്ചില്ല എന്നതു കൊണ്ട് എല്ലാ അപേക്ഷകരെയും ഉള്‍പ്പെടുത്തി വീണ്ടും നടപടിക്രമങ്ങള്‍ പാലിച്ച് ഇന്റര്‍വ്യൂ നടത്തി നിയമനം നടത്താന്‍ കോടതി ആവശ്യപ്പെട്ടു. ആ വിധിക്കെതിരെ ഞാന്‍ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പ്രസ്തുത വിധി സ്റ്റേ ചെയ്തു.ആ സ്റ്റേ യില്‍ 2010മാര്‍ച് 31വരെ പരീക്ഷാ കണ്‍ട്രോളര്‍ സ്ഥാനത്തിരുന്നു ഞാന്‍ റിട്ടയര്‍ ചെയ്തു.

2012ഇല്‍ അ ന്തിമവിധി പറഞ്ഞ സുപ്രീം കോടതി, എന്റെ നിയമനത്തിനുമേല്‍ ഒരു നടപടിയും ആവശ്യപ്പെട്ടില്ല. എല്ലാ പെന്‍ഷന്‍ ആനുകൂല്യങ്ങളും പെന്ഷനും2010ഇല്‍,റിട്ടയര്‍ ചെയ്തു ഒരു മാസത്തിനുള്ളില്‍ സര്‍വകലാശാല എനിക്കു നല്‍കുകയും ചെയ്തു. ഇപ്പോഴും എനിക്കു പെന്‍ഷന്‍ നല്‍കുന്നത് കേരള സര്‍വകലാശാല തന്നെയാണ്. കേരള സര്‍വകലാശാലയിലെപരീക്ഷാ കണ്‍ട്രോളര്‍ ജോലിയില്‍ നിന്നും വിരമിച്ച ശേഷം,ദേശീയ ദിന പത്രങ്ങളിലെ പരസ്യം കണ്ട്,ഇന്ദിരഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസവിഭാഗത്തില്‍ ഡയറക്ടര്‍ പോസ്റ്റിനു ഞാനും അപേക്ഷി ച്ചു..ധാരാളം പ്രഗത്ഭര്‍ പങ്കെടുത്ത ആ ഇന്റര്‍വ്യൂവില്‍, നാലു ഡയറക്ടരന്മാരില്‍ ഒരാളായി ഞാനും തെരെഞ്ഞെടുക്കപ്പെട്ടു. 2010ജൂണ്‍ മുതല്‍ 2013ജൂണ്‍ വരെ ഞാന്‍ ആ പോസ്റ്റില്‍ കേരളത്തിലും ഡല്‍ഹിയിലുമായി ജോലി ചെയ്തു.

കേരളത്തിലെ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള, സര്‍വവിജ്ഞാന കോശം ഇന്‌സ്ടിട്യൂട്ടിന്റെ ഡയറക്ടര്‍ ആയിരുന്ന തുമ്പമണ്‍ തോമസ് സാര്‍, മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്നു ഏറെ മാസങ്ങള്‍ കിടപ്പിലായതിനെ തുടര്‍ന്നു,ആ സ്ഥാപനത്തിന്റെ ഡയറക്ടര്‍ പദവിയിലേക്ക് സര്‍ക്കാര്‍ എന്നെ ക്ഷണിക്കുന്നത് ഈ കാലത്താണ്. സര്‍ക്കാര്‍,യോഗ്യര്‍ എന്ന് കരുതുന്നവരെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്തു നേരിട്ടു നിയമിക്കുന്ന പതിവാണ് അന്നും ഇന്നും എന്നും ഉള്ളത്. അങ്ങനെ നിയമിച്ചവരാണ് കഴിഞ്ഞ എല്‍ ഡി എഫ് ഭരണകാലത്തു ഡയറക്ടരന്മാരായ പാപ്പൂട്ടി സാറും ഇപ്പോഴത്തെ ഡയറക്ടര്‍ രാജന്‍ സാറും. ഡല്‍ഹിയില്‍ സ്ഥിരമായി നില്‍ക്കേണ്ട അവസ്ഥയുടെ ബുദ്ധിമുട്ട് കണക്കിലെടുത്തു ആ പകരം പദവി ഞാന്‍ സ്വീകരിക്കുകയാണ് ഉണ്ടായത്. ഇന്‌സ്ടിട്യൂട്ടിലെ,എനിക്കു തൊട്ടുമുന്‍പുള്ള പത്തു പതിനഞ്ചു വര്‍ഷത്തെ ഡയറക്ടര്‍മാരുടെയും ഇപ്പോഴുള്ളവരുടെയും യോഗ്യതകളും എന്റെ യോഗ്യതയും താല്‍പ്പര്യമുള്ളവര്‍ക്ക് ഒരു താരതമ്യ പരിശോ ധനക്ക് വിടുന്നു.

എതിരാളികളെ അവമാനിക്കാന്‍, അവരുടെ വീട്ടിലുള്ളവരെക്കുറിച്ച് ഏതു കള്ളവും പ്രചരിപ്പിക്കുന്ന ഈ പതിവ് അവസാനിപ്പിക്കാന്‍ നേതൃത്വം തന്നെ ഇടപെടണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.. അണികളെക്കാളും യുവജന നേതാക്കളെക്കാളും പക്വത ഞാന്‍ അവരില്‍ പ്രതീക്ഷിക്കുന്നു. ഏറ്റുമുട്ടേണ്ടത് ആശയങ്ങളോടാണ്, വീട്ടില്‍ ഇരിക്കുന്ന പെണ്ണുങ്ങളോടല്ല എന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക.. ഏതു അഭിപ്രായാവ്യത്യാസത്തിനിടയിലും പരസ്പ്പര ബഹുമാനം കാത്തു സൂക്ഷിച്ചിരുന്ന ജി. കാര്‍ത്തികേയന്റെ ഭാര്യയാണ്, അദ്ദേഹത്തിന്റെ അടുപ്പക്കാരായിരുന്ന മുതിര്‍ന്ന നേതാക്കളോട് ഇതു പറയുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.