തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസിയുമായുള്ള വിവാദ ധാരണാപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. അതോടൊപ്പം കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടു.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ അനുമതി നല്‍കുകയോ ധാരണാപത്രം ഒപ്പിടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത്തരത്തില്‍ ഏതെങ്കിലുമൊരു ധാരണപത്രം ഒപ്പിട്ടിട്ടുണ്ടെങ്കില്‍ അത് പിന്നീടാണ് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വരിക. അപ്പോള്‍ നിയമപരമായ പരിശോധന നടത്തുകയെന്നും മുഖ്യമന്ത്രി വിവാദമുയര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
വ്യവസായ സംരംഭകരെ ആകര്‍ഷിക്കാന്‍ കൊച്ചിയില്‍ നടത്തിയ അസന്റ് 2020 യിലാണ് യുഎസ് ആസ്ഥാനമായ ഇഎംസിസിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഒരാഴ്ചയിലധികം ആഴക്കടലില്‍ തങ്ങി മീന്‍ പിടിക്കാന്‍ കഴിയുന്ന ചെറു കപ്പലുകള്‍ (ട്രോളറുകള്‍), മത്സ്യം സംസ്കരിച്ച് കയറ്റിയയ്ക്കാനുമായിരുന്നു സ്വകാര്യ കമ്പനിയുടെ പദ്ധതി.