'ഏതു കോണ്‍ഗ്രസ് നേതാവും ഏത് നിമിഷവും ബിജെപിയിലേയ്ക്ക് പോകും..' ഇന്നത്തെ കോണ്ഗ്രസെന്നത് ബിജെപിയിലേയ്ക്ക് പോകാന്‍ നിൽക്കുന്ന ഒരു കൂട്ടമായി മാറി: കടന്നാക്രമിച്ച്- എ. വിജയരാഘവൻ


പാലക്കാട്: കോണ്‍ഗ്രസ് മെല്ലെമെല്ലെ ഇല്ലാതാവുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കൺവീനറുമായ എ. വിജയരാഘവന്‍. കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നും അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് അനായാസമായി പ്രയാണം നടത്തുകയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വം ഇന്ന് ബിജെപിയിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടമായിരിക്കുന്നുവെന്നും വിജയരാഘവന്‍ പാലക്കാട് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഏതു കോണ്‍ഗ്രസ് നേതാവും ഏത് നിമിഷവും ബിജെപിയിലേയ്ക്ക് പോകും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. നേതൃത്വത്തെ തന്നെ അനുയായികള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് ട്രാക്ടര്‍ റാലി നടത്തി. എന്നാല്‍ ബിജെപി കൊണ്ടുവന്ന നിയമങ്ങള്‍ നടപ്പാക്കുമെന്നാണ് അവരുടെ മാനിഫെസ്റ്റോയില്‍ പറയുന്നത്. തികഞ്ഞ അവസരവാദ നിലപാടാണ് കാര്‍ഷിക പ്രശ്‌നത്തിലും കോണ്‍ഗ്രസ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. തെറ്റായ കാര്‍ഷിക നിലപാട് സ്വീകരിക്കാന്‍ ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്നത് കോണ്‍ഗ്രസിന്റെ അവസരവാദ നിലപാടാണ്. അവസരവാദ രാഷ്ട്രീയം, മൃദുഹിന്ദുത്വം, കേരളത്തില്‍ വന്നാല്‍ ബിജെപിയുമായും ജമാ അത്തെ ഇസ്ലാമിയുമായും സഖ്യം എന്ന നിലയില്‍ ഇപ്പോള്‍ തുടരുന്ന അവസരവാദ നിലപാടുതന്നെ ആയിരിക്കുമോ തിരഞ്ഞടുപ്പിലും സ്വീകരിക്കുക എന്ന് വ്യക്തമാക്കണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു.

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധാരണാപത്രം റദ്ദാക്കിയത് സര്‍ക്കാരിന്റെ സത്യസന്ധതയാണ് കാണിക്കുന്നതെന്നും എ. വിജയരാഘവന്‍ പറഞ്ഞു.സര്‍ക്കാര്‍ എല്ലായ്‌പോഴും നയങ്ങളുടെ കാര്യത്തില്‍ വ്യക്തതയുണ്ട്. ആ നയത്തില്‍ മാറ്റംവരുത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ പ്രതിപക്ഷ നേതാവിന്റെ വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.