തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ നടക്കാവിനു സമീപം വാടകവീട്ടില്‍ നിന്നും 1,72000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ മൂന്നു പ്രതികളെ ഉദയംപേരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നോട്ട് ഇരട്ടിപ്പുമായി ബന്ധപ്പെട്ട കേസാണിതെന്ന് സൂചനയുണ്ട്. ഇരുമ്പനം പാറൂപ്പറമ്പ് കോളനിയില്‍ താമസിക്കുന്ന പ്രിയന്‍കുമാര്‍ (36) ചവറ പത്മന കണ്ണങ്ങര വാവ സദനത്തില്‍ വിദ്യാധരന് (42), ഇയാളുടെ ഭാര്യ ധന്യ(38 )എന്നിവരാണ് അറസ്റ്റിലായത്.
നടക്കാവ് ആമേട റോഡില്‍
പ്രിയന്‍കുമാര്‍ വാടകക് താമസിച്ചിരുന്ന വീട്ടില്‍ നിന്നും ശനിയാഴ്ച അര്‍ദ്ധരാത്രിയിലാണ് 2000 രൂപയുടെ 86 നോട്ടുകള്‍ രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വീട് റെയ്ഡ് ചെയ്ത് പോലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നോട്ടിരട്ടിപ്പിനായി തമിഴ്നാട്ടിലെ സംഘത്തില്‍ നിന്നും ഒന്നേകാല്‍ ലക്ഷം രൂപ നല്കിയ ശേഷം രണ്ടര ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ വാങ്ങിയെന്ന് പ്രിയന്‍കുമാര്‍ പറഞ്ഞു.
പ്രിയന്‍കുമാറിന്റെ ഭാര്യയുടെ ബന്ധുവാണ് വിദ്യാധരന്. ഇയാള്‍ക്ക് പ്രിയന്‍കുമാര്‍ കള്ളനോട്ട് നല്‍കിയിരുന്നു. വിദ്യാധരന്റെ ചവറയിലെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 2000 ത്തിന്റെ ഒരു നോട്ട് മാത്രമാണ് കണ്ടെടുത്തത്. ബാക്കി നോട്ടുകള്‍ വിദ്യാധരനും ഭാര്യയും ചേര്‍ന്ന് കത്തിച്ചു കളഞ്ഞതായും പോലീസ് പറഞ്ഞു.
പ്രിയന്‍കുമാറിന്റെ വാടകവീട്ടില്‍ നിന്നും 95000 രൂപയുടെ അസല്‍ നോട്ടും രണ്ട് ടാബ് ലെറ്റുകളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും 20,000 രൂപ വിലയുള്ള മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഉദയംപേരൂര്‍ സേ്റ്റഷന് എസ്.ഐ.രാജീവ്, എ.എസ്.ഐമാരായ ദിലീപ് കുമാര്‍, ഷിബു, സീനിയര്‍ സി.പി.ഒമാരായ ജയശങ്കര്‍, ഗിരീഷ്, ദിനേഷ്, ഡബ്ല്യു.സി.പി.ഒ ദീപ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.