പ്രശംസ പാരയായി.. എ.പി. അബ്ദുള്ളക്കുട്ടി വിമാനത്തിലിരുന്ന് കണ്ടത് ദൃശ്യം 2 വിന്റെ വ്യാജപതിപ്പെന്ന് ആരോപണം


കോഴിക്കോട്: വിമാന യാത്രക്കിടെ ദൃശ്യം 2 കണ്ടുവെന്ന് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ട ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ വിമർശനം. ടെലഗ്രാമിൽ നിന്ന് ഡൗൺലോഡ് ചെയ്ത വ്യാജപതിപ്പാകാം അദ്ദേഹം കണ്ടതെന്നാണ് ആരോപണം. കോഴിക്കോട് നിന്നും ഡൽഹിയിലേക്കുള്ള വിമാന യാത്രക്കിടെ സിനിമ കണ്ടുവെന്നാണ് അബ്ദുള്ളക്കുട്ടി പോസ്റ്റിട്ടത്. സിനിമ കണ്ടശേഷം ജീത്തു ജോസഫിനെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ അബ്ദുള്ളക്കുട്ടി കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന്റെ കമന്റ് ബോക്സിലാണ് ആളുകൾ വ്യാജപതിപ്പാണോ കണ്ടതെന്ന വിമർശനവുമായി എത്തിയത്.

എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

‘ജീത്തു ജോസഫ്, നിങ്ങളുടെ ദൃശ്യം 2 കണ്ടു. ഫ്ലൈറ്റിൽ ദില്ലി യാത്രക്കിടയിൽ മൊബൈൽ ഫോണിൽ ആണ് സിനിമ കണ്ടത്. ബി ജെ പി ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു. സിനിമ സംവിധായകന്റെ കലയാണ്... ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ. കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ അത് ഒരു ഒന്നൊന്നര സിനിമയായിരിക്കും... അതാണ് ജോർജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹൻ ലാലിനെ) നായകനാക്കിയുളള ഈ അത്യുഗ്രൻ സിനിമ. വർത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജീത്തു.’

എന്നാൽ വിമാനത്തിൽ എവിടെയാണ് മൊബൈൽ ഫോണിന് റെയ്ഞ്ചുള്ളതെന്നും മൊബൈൽ ഫ്ലൈറ്റ് മോഡിലല്ലേ തുടങ്ങിയ ചോദ്യങ്ങളാണ് ചിലർ ഉയർത്തിയത്. ടെലിഗ്രാമിൽ കിട്ടിയ വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്തു കണ്ടതല്ലേ? വിമാനത്തിൽ കയറുമ്പോൾ മൊബൈൽ ഫ്ലൈറ്റ് മോഡിലല്ലേ? രണ്ടര മണിക്കൂറുള്ള സിനിമ ഓടിച്ചിട്ടു കണ്ടതാണോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് വിമർശകർ ഉയർത്തിയത്. കളിയാക്കിക്കൊണ്ടുള്ള ട്രോളുകളും ചിലർ ഇറക്കി. ചിലർ മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തു.

എന്നാൽ ആമസോൺ പ്രൈമിൽ വിഡിയോ ഡൗൺലോഡ് ചെയ്ത ശേഷം പിന്നീട് കാണാനുള്ള സൗകര്യമുണ്ടെന്നും ഫ്ലൈറ്റ് മോഡിലും കാണാമെന്നും വിശദമാക്കിയാണ് അബ്ദുള്ളക്കുട്ടി വിമർശകരുടെ വായടപ്പിച്ചത്. ഇതിന്റെ പേരിലുള്ള തെറിവിളി പഠനാർഹമായ ചർച്ചയാക്കി മാറ്റിയതിന് പോരാളികൾക്ക് നന്ദി പറയുന്നുമുണ്ട് അദ്ദേഹം പറഞ്ഞു. കോഴിക്കോട് - ഡൽഹി വിമാന യാത്രയ്ക്കുള്ള സമയം ദൃശ്യം 2 കാണാൻ ധാരാളമാണെന്നും അബ്ദുള്ളക്കുട്ടിയെ അനുകൂലിക്കുന്നവർ ടൈം ചാർട്ട് ഉൾപ്പെടെ പോസ്റ്റ് ചെയ്ത് വ്യക്തമാക്കുകയും ചെയ്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.