അഹമ്മദാബാദ്: ഒരിടവേളയ്ക്കു ശേഷം തകർപ്പൻ ഇന്നിംഗ്സ് കളിച്ച വിരാട് കോഹ്ലിയുടെ മികവിൽ ഇന്ത്യ രണ്ടാം ടി20യിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി. ഇംഗ്ലണ്ട് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം 13 പന്തും ഏഴ് വിക്കറ്റും ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. പുറത്താകാതെ 73 റൺസെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 49 പന്ത് നേരിട്ട കോഹ്ലി അഞ്ചു ഫോറും മൂന്നു സിക്സറും പറത്തി. ഇന്ത്യയ്ക്കു വേണ്ടി ഇഷാൻ കിഷനും(32 പന്തിൽ 56) അർദ്ധസെഞ്ച്വറി നേടി.
തുടക്കത്തിലേ കെ എൽ രാഹുലിനെ നഷ്ടമായെങ്കിലും കോഹ്ലിയും ഇഷാൻ കിഷനും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് മത്സരം ഇന്ത്യയ്ക്കു അനുകൂലമാക്കി മാറ്റുകയായിരുന്നു. ഇംഗ്ലീഷ് ബോളർമാർക്കെതിരെ സമ്പൂർണ ആധിപത്യത്തോടെ ബാറ്റു വീശിയ ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 94 റൺസ് കൂട്ടിചേർത്തിരുന്നു. അപ്പോഴേക്കും ഇന്ത്യ സുരക്ഷിത നിലയിൽ എത്തി. ഇഷാൻ കിഷനെ നഷ്ടമായെങ്കിലും ഒരു വശത്ത് ഉറച്ചുനിന്ന കോഹ്ലി ഇന്ത്യയുടെ വിജയം ഉറപ്പിക്കുന്നതുവരെ ക്രീസിൽ തുടർന്നു. ഇന്ത്യയ്ക്കു വേണ്ടി റിഷഭ് പന്ത് 13 പന്തിൽ 26 റൺസ് നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ആറിന് 164 റൺസ് എടുത്തു. 46 റൺസെടുത്ത ജേസൻ റോയ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഇയൻ മോർഗൻ 28 റൺസും ഡേവിഡ് മലാൻ, ബെൻ സ്റ്റോക്ക്സ് എന്നിവർ 24 റൺസ് വീതവും നേടി. ഇന്ത്യയ്ക്കു വേണ്ടി വാഷിങ്ടൺ സുന്ദർ, ശർദുൽ താക്കൂർ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. ഭുവനേശ്വർ കുമാറിന് ഒരു വിക്കറ്റ് ലഭിച്ചു.
പരമ്പരയിലെ ആദ്യ മത്സരം തോറ്റ ഇന്ത്യൻ ടീമിൽ ഇത്തവണ ഏതാനും മാറ്റങ്ങൾ വരുത്തിയിരുന്നു. ഇഷാന് കിഷനും സൂര്യകുമാര്‍ യാദവും തങ്ങളുടെ ഇന്ത്യന്‍ ടി20 അരങ്ങേറ്റം കുറിയ്ക്കുന്നു. ശിഖര്‍ ധവാനും അക്സര്‍ പട്ടേലും പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നില്ല. ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റമാണ് വരുത്തിയത്. മാര്‍ക്ക് വുഡിന് പകരം ടോം കറന് ടീമിലേക്ക് വന്നു.
അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ ഇതോടെ ഇന്ത്യയും ഇംഗ്ലണ്ടും 1-1 എന്ന നിലയിൽ ഒപ്പത്തിനൊപ്പമാണ്. പരമ്പരയിലെ മൂന്നാമത്തെ മത്സരം മാർച്ച് 16ന് അഹമ്മദാബാദ് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് ഏഴു മണിക്കാണ ്മത്സരം തുടങ്ങുന്നത്.