ഒരു ക്വിന്‍റൽ ചക്കക്കുരുവിന് 2500 രൂപ! വില കേട്ട് മൂക്കത്ത് വിരൽ വെക്കണ്ട


ചക്ക ഉപയോഗിച്ച ശേഷം ചക്കക്കുരു വലിച്ചെറിയുകയാണ് കൂടുതൽ പേരും ചെയ്യുന്നത്. എന്നാൽ ചക്കക്കുരു വലിച്ചെറിയാൻ വരട്ടെ, ഒരു നല്ല വരുമാന മാർഗമായി ചക്കക്കുരു മാറുന്നു. ചക്കക്കുരു വാങ്ങാൻ ആളുണ്ട്. വയനാട്ടിലെ നടവയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാക്ക്ഫ്രൂട്ട് ഡെവലപ്മെന്‍റ് ആന്‍റ് പ്രോസസിങ് സൊസൈറ്റിയാണ് കർഷകരിൽനിന്ന് ചക്കക്കുരു വാങ്ങുന്നത്. ക്വിന്‍റലിന് 2500 രൂപ തന്നു ചക്കക്കുരു എടുക്കും. അതായത് കിലോയ്ക്ക് 25 രൂപ. നെല്ലിന് പോലും ക്വിന്‍റലിന് 1600 രൂപ ഉള്ളപ്പോഴാണ് ചക്കക്കുരുവിന് നല്ല വില ലഭ്യമാക്കുന്നത്.

വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിക്കാനായാണ് ഇവർ ചക്കക്കുരു ശേഖരിക്കുന്നത്. ചക്കക്കുരു ഉപയോഗിച്ച് മിൽക്ക് ഷേക്ക്, പായസം, ബേബി ഫുഡ്, കേക്ക്, ചോക്കലേറ്റ് തുടങ്ങിയ ഉൽപന്നങ്ങളാണ് ജാക്ക്ഫ്രൂട്ട് ഡെവലപ്മെന്‍റ് ആന്‍റ് പ്രോസസിങ് സൊസൈറ്റി നിർമ്മിക്കുന്നത്. സൊസൈറ്റിയുടെ 8547211254 എന്ന ഫോൺ നമ്പരിൽ വിളിച്ചു പറഞ്ഞാൽ വീട്ടിലെത്തി ചക്കക്കുരു ശേഖരിക്കും.

പത്തു ചക്കക്കുരുവിന് ആമസോണിൽ 145 രൂപ വിലയുണ്ടെന്ന വാർത്ത നേരത്തെ തന്നെ വൈറലായിരുന്നു. ചക്കക്കുരുവിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചും ആമസോണിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഗുണങ്ങളെക്കുറിച്ച് പോഷകസമൃദ്ധിയെപ്പറ്റിയും ചക്കക്കുരുവിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനെക്കുറിച്ചുമെല്ലാം വിശദീകരിച്ചാണ് ചക്കക്കുരു ആമസോണിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ലോക്ക്ഡൌൺ കാലത്ത് നമ്മുടെ നാട്ടിൽ ചക്കക്കുരു ഇതുപോലെ പരിഗണിക്കപ്പെട്ട വേറെ കാലം ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യമെങ്ങും ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ നമുക്കത് ചക്ക സീസണിന്റെ കാലം കൂടി ആയിരുന്നു. അന്നുവരെ ചക്കയെ ഒന്നു നേരെ നോക്കാൻ പോലും സമയം കിട്ടാതെ ഇരുന്നവർ ചക്കയെ അടിമുടി ഉപയോഗപ്പെടുത്തിയ കാലം കൂടി ആയിരുന്നു അത്.

ചക്കക്കുരുവിൽ തയാമിൻ, റൈബോഫ്ലേവിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിന് നിങ്ങൾ കഴിക്കുന്ന ഏതൊരു ഭക്ഷണത്തെയും ഊർജ്ജമാക്കി മാറ്റാനുള്ള പ്രത്യേക കഴിവുണ്ട്. കൂടാതെ ഇത് നമ്മുടെ കണ്ണിനും ചർമത്തിനും മുടിക്കുമെല്ലാം നൽകുന്ന ഗുണങ്ങൾ ഏറെയാണ്. സിങ്ക്, അയൺ, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ധാതുക്കളും ചക്കക്കുരുവിൽ നിന്ന് ലഭിക്കും.

ചക്കക്കുരുവിൽ ആന്റി മൈക്രോബയൽ ഗുണങ്ങളുള്ള സംയുക്തങ്ങൾ ധാരാളമുണ്ട്. ഇത് ഭക്ഷണം മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകളുമായി പോരാടി ശരീരത്തിലെ മലിനീകരണം തടയാൻ സഹായിക്കുന്നു. അന്നനാളത്തിലും ആമാശയത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളെ ചികിത്സിക്കുന്നതിനായി പരമ്പരാഗത ചികിത്സാ വൈദ്യങ്ങളിലും ചക്കക്കുരുവിന്‍റെ ഗുണങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.