ഭോപ്പാല്‍: വീട്ടുകാർക്ക് കൂട്ടത്തോടെ വിഷം നല്കിയ ശേഷം യുവതി ബന്ധുവിനൊപ്പം ഒളിച്ചോടി. മധ്യപ്രദേശ് ഭിന്ദ് സ്വദേശിയായ 36 കാരിയാണ് ഭര്‍ത്താവിനും ചെറിയ മക്കള്‍ക്കും അടക്കം കുടുംബത്തിലെ ഏഴ് പേര്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് മക്കളുടെയും ഭര്‍ത്താവിന്റെയും ഭര്‍തൃസഹോദരന്റെയും നില വഷളായതോടെ ഇവരെ ഗ്വാളിയാറിലെ ജയ ആരോഗ്യ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ബറസോം പൊലീസ് സ്റ്റേഷൻ പരിധിയില്‍ സംഭവം നടന്നത്.
പൊലീസ് പറയുന്നതനുസരിച്ച് യുവതിയുടെ ആദ്യഭര്‍ത്താവ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. തുടര്‍ന്ന് ഇവരെ ഭര്‍ത്താവിന്റെ ഇളയ സഹോദരനായ ചോട്ടു ഖാന് എന്നയാളുമായി വിവാഹം നടത്തി. എന്നാല്‍ യുവതി ചോട്ടു ഖാന്റെ സഹോദരി ഭര്‍ത്താവ് ലോഖന്‍ ഖാന് എന്നായാളുമായി പ്രണയത്തിലാവുകയായിരുന്നു. ഇതിനെ തുടർന്ന് കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. തുടർന്നാണ് യുവതി കാമുകനുമായി ഒളിച്ചോടാന്‍ പദ്ധതിയിടുന്നത്.
തുടർന്ന് ശനിയാഴ്ച പദ്ധതി നടപ്പാക്കിയ ഇവര്‍ കുടുംബത്തിന് വിഷം ചേര്‍ത്ത ഭക്ഷണം നല്കിയ ശേഷം ഒളിച്ചോടുകയായിരുന്നു. അതേസമയം സംഭവത്തില്‍ ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ബറസോം പൊലീസ് അറിയിച്ചു.