ജയ്പൂർ: രണ്ടാം വിവാഹത്തിന് കുടുംബക്കാർ സമ്മതിക്കാത്തതിനെ തുടർന്ന് വൈദ്യുതി തൂണിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി അറുപതുകാരൻ. സോഭരൻ സിങ്ങ് എന്നയാളാണ് വിചിത്രമായ ഭീഷണി നടത്തിയത്. രാജസ്ഥാനിലെ ദോൽപൂരിലാണ് സംഭവം. ഹൈ ടെൻഷൻ ലൈൻ കടന്നു പോകുന്ന വൈദ്യുതി തൂണിന് മുകളിൽ കയറിയായിരുന്നു ഇയാളുടെ ഭീഷണി.
ഭാര്യ നേരത്തെ മരിച്ചിരുന്ന സോഭരൻ സിംഗിന് അഞ്ച് മക്കളുണ്ട്. രണ്ടാമത് വിവാഹം കഴിക്കാൻ ഇയാൾ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ കുടുംബാംഗങ്ങൾ സമ്മതിച്ചില്ല. ഇതോടെ സോഭരൻ സിംഗ് ഹൈ-ടെൻഷൻ പോസ്റ്റിലേക്ക് കയറുകയായിരുന്നു. സോഭരൻ പോസ്റ്റിലേയ്ക്ക് കയറിയ സമയത്ത് ലൈനിൽ വൈദ്യുതി ഇല്ലായിരുന്നു. സംഭവം അറിഞ്ഞതോടെ നാട്ടുകാർ തടിച്ചുകൂടി. സംഭവമറിഞ്ഞെത്തിയ കുടുംബാംഗങ്ങൾ വൈദ്യുതി വകുപ്പിൽ വിവരമറിയിച്ച് കറണ്ട് വിച്ഛേദിച്ചു. തുടർന്ന് എല്ലാവരും ചേർന്നാണ് ഇയാളെ താഴെയിറക്കിയത്.
കഴിഞ്ഞ ദിവസം രണ്ടാം വിവാഹത്തിനായി സോഭരൻ സംഗ് കുടുംബത്തിൻറെ സമ്മതം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ വലിയ വഴക്കും നടന്നിരുന്നു. വിവാഹിതരായ അഞ്ച് മക്കളും സമ്മതിക്കാതെ വന്നതോടെയാണ് സോഭരൻ സിംഗ് പോസ്റ്റിലേയ്ക്ക് കയറി ഭീഷണി മുഴക്കിയത്.