വിവോയുടെ എക്സ് 60 സീരീസ് സ്മാർട്ട്ഫോണുകൾ മാർച്ച് 25 ന് ഇന്ത്യൻ വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരീസ് ഇന്ത്യൻ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നതായി വിവോ നേരത്തെ അറിയിച്ചിരുന്നു. എക്സ് 60 സീരീസിൽ മൂന്ന് ഫോണുകൾ ഇതിനകം ചൈനയിൽ അവതരിപ്പിച്ചിരുന്നു. എക്സ് 60, എക്സ് 60 പ്രോ, എക്സ് 60 പ്രോ + എന്നിവയാണ് ചൈനയിൽ വിപണിയിലെത്തിച്ചത്. ഈ ഫോണുകൾ 5 ജി റെഡിയാണ്.
എക്സ് 60 സീരീസിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഏത് വേരിയന്റുകളാണ് ഇന്ത്യയിലേക്ക് വരുന്നത് എന്ന കാര്യത്തിലോ മൂന്ന് ഓപ്ഷനുകളും വിപണിയിൽ അവതരിപ്പിക്കുമോ എന്നുതിലോ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. ഫോണുകൾ ചൈനയിൽ ലഭ്യമായതിനാൽ ഇതിനകം തന്നെ അതിന്റെ ഫീച്ചറുകൾ എന്തെല്ലാമെന്ന വിവരം ലഭ്യമാണ്.
വിവോ എക്സ് 60, എക്സ് 60 പ്രോ സ്പെസിഫിക്കേഷനുകൾ
വിവോ എക്സ് 60, എക്സ് 60 പ്രോ എന്നീ രണ്ടു ഫോണിലും 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.56 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയാണ്. ഈ ഡിസ്പ്ലേ പാനൽ എച്ച്ഡിആർ 10, എച്ച്ഡിആർ 10 + സ്പെസിഫിക്കേഷനുകളെ പിന്തുണയ്ക്കുന്നു.
ചൈനയിൽ, ഫോണുകൾ സാംസങ് എക്സിനോസ് 1080 ചിപ്സെറ്റിലാണ് പ്രവർത്തിപ്പിക്കുന്നത്. റാം 12 ജിബി വരെയും ഇന്റേണൽ സ്റ്റോറേജ് 256 ജിബി വരെയുമാണ് ഈ മോഡലിൽ വരുന്നത്.
വിവോ ഇന്ത്യയിലും ഇതേ ചിപ്സെറ്റ് തന്നെ ഉൾപെടുത്താൻ സാധ്യതയുണ്ട്. അഥവാ മാറ്റം വരുത്താൻ തീരുമാനിച്ചാൽ ക്വാൽകോം ചിപ്സെറ്റ് ആകും ഫോണിൽ ഉൾപ്പെടുത്തുക.
എംപി പ്രധാന ക്യാമറയും 13 എംപി വൈഡ് ആംഗിൾ ലെൻസും 13 എംപി പോർട്രെയിറ്റ് ലെൻസും ഉള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഈ ഫോണിന്റെ പിറകിൽ ഉള്ളത്.
പ്രോ വേരിയന്റിൽ പിറകിൽ നാല് ക്യാമറകളുണ്ട്, അതിൽ 48 എംപി പ്രൈമറി ക്യാമറ, 13 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 13 എംപി പോർട്രെയിറ്റ് സെൻസർ, 8 എംപി പെരിസ്കോപ്പ് ലെൻസ് എന്നിവ ഉൾപ്പെടുന്നു. ഈ ലെൻസിന് 5x ഒപ്റ്റിക്കൽ സൂം, 60x ഹൈബ്രിഡ് സൂം എന്നിവയ്ക്കുള്ള ശേഷിയുണ്ട്.
വിവോ എക്സ് 60 പ്രോ + സ്പെസിഫിക്കേഷനുകൾ
55വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള ടോപ്പ് എൻഡ് ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസറുള്ള ഫോണാണ് വിവോ എക്സ് 60 പ്രോ +.റാം 12 ജിബി വരെയും ഇന്റേണൽ സ്റ്റോറേജ് 256 ജിബി വരെയുമാണ് ഈ മോഡലിൽ വരുന്നത്.
120 ഹെർട്സ് റിഫ്രഷ് നിരക്കുള്ള 6.56 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയാണ് ഫോണിൽ. എച്ച്ഡിആർ 10 + നുള്ള പിന്തുണയും ഫോണിനുണ്ട്. ആൻഡ്രോയ്ഡ് 11 ആണ് ഓപ്പറേറ്റിങ് സിസ്റ്റം.
ഫോണിൽ എഫ് / 1.57 അപ്പേർച്ചറുള്ള 50 എംപി പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ, മാക്രോ ഷോട്ടുകൾക്കുള്ള 48 എംപി ക്യാമറയും 32 എംപി പോർട്രെയിറ്റ് ക്യാമറയും 8 എംപി പെരിസ്കോപ്പ് ക്യാമറയുമാണുള്ളത്. 32 എംപിയാണ് സെൽഫി ക്യാമറ. 4200 എംഎഎച്ച് ആണ് ബാറ്ററി.