നാട്ടിലെ പ്രശസ്ത ആയുർവേദ കേന്ദ്രത്തിന്‍റെ പേരിൽ ലഭിച്ച ജോലി തേടി യുഎഇയിലെത്തിയ മലയാളി യുവതി ചെന്നുപെട്ടത് അനാശാസ്യ കേന്ദ്രത്തില്‍


അജ്‌മാൻ: നാട്ടിലെ പ്രശസ്ത ആയുർവേദ കേന്ദ്രത്തിന്‍റെ വ്യാജ പേരിൽ ലഭിച്ച ജോലി തേടി യുഎഇയിൽ എത്തിയ മലയാളി യുവതി ചെന്നുപെട്ടത് അനാശാസ്യ കേന്ദ്രത്തിൽ. ആയുർവേദ നഴ്സിങ് കഴിഞ്ഞ പെൺകുട്ടി വിവാഹം കഴിഞ്ഞു ഒരു മാസത്തിനകമാണ് അജ്മാനിലെത്തിയത്. എന്നാൽ ജോലിക്കെന്ന് പറഞ്ഞു യുവതിയെ എത്തിച്ചത് അനാശാസ്യ കേന്ദ്രത്തിലാണ്. കൊട്ടാരക്കര സ്വദേശിനിയാണ് യുവതി. നാട്ടിലെ അറിയപ്പെടുന്ന ആയുര്‍വേദ കേന്ദ്രത്തിന്റെ വ്യാജ പേരില്‍ ജോലി വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ ചതിയില്‍പ്പെടുത്തിയത്.

സംഭവം അറിഞ്ഞെത്തിയ സാമൂഹികപ്രവര്‍ത്തകരുടെ ഇടപെടൽ യുവതിക്ക് രക്ഷയായി. സാമൂഹികപ്രവര്‍ത്തകര്‍ തിങ്കളാഴ്ച രാത്രിയോടെ യുവതിയെ ഫ്ലാറ്റിൽനിന്ന് രക്ഷിച്ചു. യുവതിയെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് സാമൂഹികപ്രവർത്തകർ അറിയിച്ചു. പാസ്പോര്‍ട്ട് തിരികെ വാങ്ങി രണ്ടു ദിവസത്തിനുള്ളില്‍ യുവതിയെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമം നടക്കുകയാണ്. യുവതിയുടെ പാസ്‌പോര്‍ട്ട് തിരികെ കിട്ടാനുള്ള കാലതാമസമാണ് യാത്ര വൈകിപ്പിക്കുന്നത്.

പാസ്‌പോര്‍ട്ട് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ഏല്‍പ്പിക്കാമെന്നാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ പറഞ്ഞതെന്ന് സാമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചു. ഒരാഴ്ചമുന്‍പ് നാട്ടില്‍ നിന്നും യു.എ.ഇ.യില്‍ എത്തിയ യുവതിയാണ് ചതിക്കുഴിയില്‍ വീണത്. ആയുര്‍വേദ നഴ്സിങ് പഠിച്ച പെണ്‍കുട്ടിയെ നാട്ടിലെ പ്രശസ്തമായ ആയുർവേദ കേന്ദ്രത്തിന്‍റെ യുഎഇയിലുള്ള ശാഖയിൽ തെറാപ്പിസ്റ്റ് ജോലിയാണ് വാഗ്ദാനം ചെയ്താണ് അജ്മാനിൽ എത്തിച്ചത്. മാസം 30,000 രൂപ യുവതിക്ക് ശമ്പളം വാഗ്ദാനം ചെയ്തിരുന്നു. ഇതുകൂടാതെ താമസവും ഭക്ഷണവും സൌജന്യമായിരിക്കുമെന്നും അറിയിച്ചിരുന്നു. വിസയ്ക്കും വിമാന ടിക്കറ്റ് നല്‍കുമെന്നും തുടക്കത്തില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നവർ പറഞ്ഞു. എന്നാൽ ഒടുവിൽ ആ ചെലവും യുവതി തന്നെയാണ് വഹിച്ചത്.

വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ യുവതിയെ ഒരു കാറിൽ ഫ്ലാറ്റിൽ എത്തിക്കുയായിരുന്നു. അവിടെ വേറെ ചില യുവതികളുണ്ടായിരുന്നു. അവരുമായി സംസാരിച്ചപ്പോഴാണ് താൻ ചതിക്കുഴിയിൽ പെട്ട വിവരം യുവതി അറിയുന്നത്. ഫോണ്‍ ചെയ്യാനോ പുറത്തുപോകാനോ അനുവദിച്ചിരുന്നില്ല. ഭക്ഷണം കൈയിൽനിന്ന് പണം നൽകി വാങ്ങുി കഴിക്കണം. ഇതിനിടെ ഇടപാടുകാരായി വന്ന ചിലർ യുവതിയെ മർദഗ്ദിക്കുകയും ചെയ്തു. വിമാനത്താവളത്തില്‍നിന്ന് അനാശാസ്യ കേന്ദ്രം നടത്തിപ്പ് ചുമതലയുള്ള ഒരുസ്ത്രീയാണ് കൂട്ടിക്കൊണ്ടുവന്നതെന്നും യുവതി പറഞ്ഞു.

കേരളത്തിലെ പ്രശസ്തമായ ഒരു ആയുര്‍വേദകേന്ദ്രത്തിന്റെ വ്യാജപേരില്‍ നാട്ടില്‍നിന്ന് യുവതികളെ കൊണ്ടുവന്ന് അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നതായാണ് സൂചന. അജ്മാനിലെ ഫ്‌ളാറ്റില്‍ ഇത്തരത്തില്‍ മൂന്നു മലയാളി യുവതികളടക്കം നാലുപേര്‍കൂടി കുടുങ്ങിയിരിക്കുകയാണെന്നും ഇവരേയും അവിടെ നിന്ന് രക്ഷപെടുത്തി നാട്ടിലെത്തിക്കാനുള്ള ശ്രമം ഇന്ത്യന്‍ അസോസിയേഷന്റെ സഹകരണത്തോടെ തുടരുമെന്നും സാമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചു.

അതേസമയം തങ്ങൾക്ക് ഗൾഫിലേക്ക് റിക്രൂട്ട് ചെയ്യുന്നില്ലെന്നാണ് കേരളത്തിലെ ആയുർവേദ കേന്ദ്രം വക്താവ് പറയുന്നത്. തങ്ങളുടെ പേര് ഉപയോഗിച്ച് റിക്രൂട്ട്മെന്‍റ് തട്ടിപ്പ് നടത്തുന്നതിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.