കൊൽക്കത്ത: അസമിലും ബംഗാളിലും ഇന്ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. ബംഗാളില്‍ നാല് ജില്ലകളിലായി 30 മണ്ഡലങ്ങളിലും അസമില്‍ 39 സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കും. ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുവേന്ദു അധികാരിയും തമ്മിലുള്ള നന്ദിഗ്രാമിലെ മത്സരമാണ് ഏറ്റവും ശ്രദ്ധേയം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗാളിലെ തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. തംലുക്ക്, നന്ദിഗ്രാം എന്നിവിടങ്ങളിലാണ് 144 പ്രഖ്യാപിച്ചത്.
255 പോളിങ് ബൂത്തുകളിലായി 22 കമ്പനി കേന്ദ്ര സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. തംലുക്കിലും നന്ദിഗ്രാമിലും വള്ളങ്ങൾ അടുക്കുന്ന കടവുകൾ അടച്ചു. ഇരുചക്രവാഹനങ്ങളിൽ രണ്ടു പേരിൽ കൂടുതൽ യാത്ര ചെയ്യരുത്. നന്ദിഗ്രാമിലെ സുരക്ഷാ പരിശോധനയും വർധിപ്പിച്ചു. നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹെലികോപ്റ്ററിൽ വ്യോമ നിരീക്ഷണം നടത്തും. വോട്ടർമാർക്ക് അല്ലാത്തവർക്ക് നന്ദിഗ്രാമിൽ പ്രവേശിക്കാനാകില്ല.
സ്ഥാനാര്‍ത്ഥികളില്‍ മണ്ഡലത്തില്‍ വോട്ടുള്ള സുവേന്ദു അധികാരി രാവിലെയോടെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തും. മണ്ഡലത്തില്‍ വോട്ടില്ലെങ്കിലും മുഖ്യമന്ത്രി മമത ബാനര്‍ജി പോളിങ് ബൂത്തിലെത്തി വോട്ടര്‍മാരെ കാണുമെന്നാണ് സൂചന. അതേസമയം, സിപിഎം കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രകടനം പല മണ്ഡലങ്ങളിലും ജയപരാജയം നിര്‍ണയിക്കുമെന്നാണ് വിലയിരുത്തല്‍.