സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാകാതെ കോണ്‍ഗ്രസ് സ്‌ക്രിനിംഗ് കമ്മറ്റി: കൂടുതല്‍ നേതാക്കള്‍ ഡല്‍ഹിയിലേക്ക്


ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാകാതെ കോണ്‍ഗ്രസ് സ്‌ക്രിനിംഗ് കമ്മറ്റി യോഗം. കെപിസിസി അധ്യക്ഷനും ലോക്‌സഭാ അംഗങ്ങളില്‍ ചിലരും മത്സരിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം ആയിട്ടില്ലെന്ന് സ്‌ക്രിനിംഗ് കമ്മറ്റി അധ്യക്ഷന്‍ എച്ച്.കെ. പാട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു.

21 സിറ്റിംഗ് എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ അവരെ തന്നെ സ്ഥനാര്‍ത്ഥികളാക്കാന്‍ ഇന്നലെ സ്‌ക്രിനിംഗ് കമ്മറ്റി യോഗത്തില്‍ ധാരണയായി. ഇരിക്കൂറില്‍ ചാണ്ടി ഉമ്മന്‍, അഡ്വ. സോണി സെബാസ്റ്റ്യന്‍, അഡ്വ. സജിവ് ജോസഫ് മുതലായവരാണ് പട്ടികയില്‍. ബാക്കിയുള്ള എഴുപതിലധികം മണ്ഡലങ്ങളില്‍ 60 ഓളം ഇടത്ത് അഞ്ചില്‍ നിന്നും ഒറ്റ പേരിലേക്ക് എത്താന്‍ സ്‌ക്രിനിംഗ് കമ്മറ്റിക്ക് സാധിച്ചില്ല. മൂന്ന് പേരുകള്‍ എങ്കിലും ഈ മണ്ഡലങ്ങളില്‍ പട്ടികയില്‍ ഉണ്ട്.

കെപിസിസി അധ്യക്ഷനും എംപിമാരില്‍ ചിലരും മത്സരിക്കാനുള്ള സാധ്യത ഇപ്പോഴും തുടരുകയാണ്. ഇക്കാര്യത്തില്‍ ഇതുവരെയും അന്തിമ തിരുമാനം സ്‌ക്രിനിംഗ് കമ്മറ്റി കൈകൊണ്ടിട്ടില്ല. സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പൂര്‍ണമായും തയാറായില്ലെങ്കില്‍ ഘട്ടം ഘട്ടമായി പ്രഖ്യാപനം നടത്താനാകും തിരുമാനം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ഇന്ന് വൈകിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്.

അതേസമയം സംസ്ഥാന ഘടകത്തിനുള്ളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇത്തവണ കേരളത്തില്‍ ഒതുങ്ങും എന്ന ദേശീയ നേതൃത്വത്തിന്റെ നിലപാട് പാഴ്‌വാക്കായി. ഡല്‍ഹി കേരളഹൗസില്‍ ഇപ്പോള്‍ നിരവധി പാര്‍ട്ടി നേതാക്കളാണ് സീറ്റ് മോഹിച്ച് എത്തുന്നത്. പട്ടികയ്ക്ക് അന്തിമ രൂപം ഉണ്ടാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ നേതാക്കള്‍ അടുത്ത ദിവസം ഡല്‍ഹിയിലേക്ക് എത്തും.

കൊറോണാ കാലത്ത് ഡല്‍ഹി ചര്‍ച്ചകള്‍ മാതൃകയാകും എന്നായിരുന്നു ദേശീയ നേതൃത്വം അവകാശപ്പെട്ടത്. സ്‌ക്രിനിംഗ് കമ്മറ്റിക്കായി ചുമതലപ്പെട്ട ദേശീയ നേതാക്കള്‍ ഇക്കാര്യം കേരളത്തില്‍ ആവേശത്തോടെ പ്രഖ്യാപിക്കുകയും ചെയ്തു. സ്‌ക്രിനിംഗ് കമ്മിറ്റി രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ദേശീയ നേതൃത്വത്തിന്റെ അവകാശവാദം പാടെ എങ്ങനെ തള്ളാം എന്നതില്‍ മാതൃകയായിരിക്കുകയാണ് കേരളത്തില്‍ നിന്നുള്ള നേതക്കള്‍. വേണമെങ്കില്‍ കേരള ഹൗസും പരിസരവും ഹൗസ്ഫുള്‍ എന്ന് തന്നെ പറയാം.

മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തും എന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചകളില്‍ അവരാണ് പങ്കെടുക്കുന്നതെങ്കിലും അവര്‍ക്ക് പിന്നാലെ ഇപ്പോള്‍ സ്ഥാനാര്‍ത്ഥിത്വ മോഹികളായ കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ ബൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇനിയും നീളാനാണ് സാധ്യത. സ്ഥാനാര്‍ത്ഥി ആകാനുള്ള ഏതെങ്കിലും ഒരു സാധ്യത അവശേഷിക്കുന്നുണ്ടെങ്കില്‍ ഡല്‍ഹി സന്ദര്‍ശനത്തിലൂടെ അത് നേടി എടുക്കാനാണ് ഇവിടെ എത്തുന്ന നേതാക്കളുടെയും ശ്രമം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.