കോവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ഫോട്ടോ നീക്കം ചെയ്യണം: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് തെരഞ്ഞടുപ്പ് കമ്മീഷന്റെ കത്ത്


ന്യൂഡൽഹി: കോവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഒഴിവാക്കണമെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് ഒഴിവാക്കുക. ആരോഗ്യ മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. തൃണമൂൽ കോൺഗ്രസിന്‍റെ പരാതിയിലാണ് നടപടി.

പശ്ചിമ ബംഗാള്‍, കേരളം, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബിജെപിയുടെ മുഖ്യപ്രചാരകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ചടിക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും പെരുമാറ്റ ചട്ടലംഘനമാണെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയത്. തുടര്‍ന്ന് ബംഗാളിലെ ചീഫ് ഇലക്ടറല്‍ ഓഫീസറോട് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് തൃണമൂല്‍ എംപി ഡറിക് ഒബ്രിയാന്‍ വിമര്‍ശിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത് മാതൃകാപരമായ രീതിയിലാണ് പ്രധാനമന്ത്രി കോവിഡ് വ്യാപനം കൈകാര്യം ചെയ്തത് എന്നാണ്. ഇക്കാര്യത്തില്‍ ഇന്ത്യ മറ്റ് ലോകരാജ്യങ്ങള്‍ക്ക് മാതൃകയായി. കോവിഡ് വാക്സിനും പിപിഇ കിറ്റുമെല്ലാം ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. അദ്ദേഹം ചെയ്ത കാര്യങ്ങളെ ചൊല്ലി നമ്മള്‍ അഭിമാനിക്കണമെന്ന് ബിജെപി ദേശീയ വക്താവ് ആര്‍ പി സിങ് പ്രതികരിച്ചു.

പെട്രോള്‍ പമ്പുകളിലെ മോദിയുടെ പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ വിശദീകരിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് നീക്കാന്‍ ആവശ്യപ്പെട്ടത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.