സ്വന്തമായി സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കാനുള്ള നീക്കവുമായി ഡൽഹി സർക്കാർ


ന്യുഡല്‍ഹി: ഡല്‍ഹിയ്ക്ക് സ്വന്തമായി ഒരു സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് ആവശ്യമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബോര്‍ഡ് രൂപീകരണത്തിന് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി കെജ്‌രിവാള്‍ അറിയിച്ചു.

ഡല്‍ഹി സ്‌കൂള്‍ എഡ്യുക്കേഷന്‍ ബോര്‍ഡ് രൂപീകരിക്കുന്നതോടെ ഡല്‍ഹിയിലെ വിദ്യാഭ്യാസ സമ്പ്രാദായത്തിനു മാത്രമല്ല, രാജ്യമെമ്പാടുമുള്ള വിദ്യാഭ്യാസരീതി പുതിയ തലത്തിലെത്താന്‍ സഹായിക്കും. പുതിയ ബോര്‍ഡ് ഏതെങ്കിലും സര്‍ക്കാരിന്റെ ഭാഗമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

2021-22 അധ്യായന വര്‍ഷത്തില്‍ 20-25 സ്‌കൂളുകള്‍ പുതിയ ഡല്‍ഹി ബോര്‍ഡില്‍ ഉള്‍പ്പെടുത്തും. ഇവയെ സി.ബി.എസ്.ഇയില്‍ നിന്ന് മോചിപ്പിച്ച് ഡല്‍ഹി ബോര്‍ഡിന്റെ ഭാഗമാക്കുകയാണ് ചെയ്യുക. അധ്യാപകരും രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്തശേഷമായിരിക്കും സ്‌കൂളുകള്‍ നിശ്ചയിക്കുക. നാലഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ സ്‌കൂളുകളും പുതിയ ബോര്‍ഡില്‍ ചേരുമെന്നാണ് കരുതുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

വിദ്യാഭ്യാസമന്ത്രി അധ്യക്ഷനായ ഗവേണിംഗ് ബോഡി ബോര്‍ഡിനുണ്ടാകും. ദൈന്യംദിന പ്രവര്‍ത്തനത്തിന് ഒരു എക്‌സിക്യുട്ടീവ് ബോഡിയുമുണ്ടാകും. ഇതിന്റെ തലപ്പത്ത് ഒരു സിഇഒ ഉണ്ടാകും. വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള വിദഗ്ധരും സര്‍ക്കാര്‍ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് ഈ സമിതികള്‍.

കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യം മുഴുവന്‍ ഡല്‍ഹിയിലെ വിദ്യാഭ്യാസ രീതിയിലുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എല്ലാവര്‍ഷവും സംസ്ഥാന ബജറ്റില്‍ വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കുന്ന വിഹിതത്തിന്റെ 25% സ്‌കൂളുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുകയാണ്. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ഇന്ന് മെച്ചപ്പെട്ട കെട്ടിടങ്ങളും ലാബുകളും ഓഡിറ്റോറിയവും ശുചിമുറികളും എല്ലാമുണ്ട്.

സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരേയും അധ്യാപകരേയും പരിശീലനത്തിനായി അമേരിക്ക, ഫിന്‍ലാന്‍ഡ് അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍ക്കാര്‍ അയച്ചു. ഒളിമ്പ്യാര്‍ഡില്‍ പങ്കെടുക്കാന്‍ പോയ ഡല്‍ഹിയിലെ കുട്ടികള്‍ മെഡലുകളും അവാര്‍ഡുകളുമായാണ് മടങ്ങിയെത്തിയത്.

ഡല്‍ഹിയില്‍ 1000 ഓളം സര്‍ക്കാര്‍ സ്‌കൂളുകളും 1700 സ്വകാര്യ സ്കൂളുകളുമാണുള്ളത്. ഇവയില്‍ ഏറെയും സി.ബി.എസ്.ഇയില്‍ അഫിലിയേറ്റഡാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.