ഹരിപ്പാട്: വ്യാജവോട്ടർ പട്ടിക സംബന്ധിച്ച ഹൈക്കോടതി വിധി സന്തോഷകരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച വോട്ടർപട്ടിക അബദ്ധ പഞ്ചാംഗമെന്ന് ഹൈക്കോടതി വിധിയോടെ വ്യക്തമായി. 38,000 ഇരട്ടവോട്ടർമാർ മാത്രമേ ഉള്ളുവെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞത് ശരിയല്ല. 4,34,000 വ്യാജവോട്ടർമാർ ഉണ്ട് എന്നി നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിശദാംശങ്ങളാണ് ‘ഓപ്പറേഷൻ ട്വിൻസ്’ എന്ന വെബ്സൈറ്റിലൂടെ(www.operationtwins.com) പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. ഒന്നിലധികം വോട്ടുള്ളവരുടെ വിവരങ്ങൾ ഇന്നലെ രാത്രി 9 മണിക്ക് പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഇരട്ടവോട്ട് സംബന്ധിച്ച ഹൈക്കോടതി വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.
ഇരട്ടവോട്ടുള്ളവരിൽ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന കോടതി നിർദേശം തമാശയാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം . ഒന്നിലധികം വോട്ടുള്ളവരെ കണ്ടെത്താൻ ബിഎൽഒമാർ മാത്രം വിചാരിച്ചാൽ നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ബിഎൽഒമാർക്ക് അതാതു ബൂത്തിലെ ഇരട്ടിപ്പ് മാത്രമേ രേഖപ്പെടുത്താൻ കഴിയൂ. പ്രതിപക്ഷം തെരഞ്ഞെടുപ്പ് തടസപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ വ്യാജവോട്ട് ചെയ്യാൻ പാടില്ല എന്നു നിർബന്ധമുണ്ട്. വ്യാജവോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് സർക്കാരാണ്. അത് അനുവദിക്കാനാകില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾക്ക് പുല്ലുവില കല്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും ചെന്നിത്തല പറഞ്ഞു.