തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരായ ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കോണ്‍;്രഗസ് നേതാക്കള്‍. ഇടതുപക്ഷത്തിന്റെ സമനില തെറ്റിയിരിക്കുകയാണെന്ന് നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന് എം.പി പറഞ്ഞു. എന്തു വൃത്തികേട് കേട്ടാലും ആര്‍ത്ത് ചിരിക്കുന്ന സംസ്കാരത്തിലേക്കു എത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ് രാഹുല്‍ ഗാന്ധി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. രാഹുല്‍ ഗാന്ധിയെ മോഡി വിമര്‍ശിക്കാറുണ്ട്. അതേ നിലവാരത്തിലേക്ക് കേരളത്തിലെ ഇടതുപക്ഷ നേതാക്കള്‍ എത്തിയെന്നും മുരളീധരന് പറഞ്ഞു.
ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശത്തിന് വലിയ വില നല്‍കുന്നില്ല. പരാതി നല്‍കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. പക്ഷേ, ഒരു മുന്‍ പാര്‍ലമെന്റംഗം എന്ന നിലയില്‍ അദ്ദേഹം സംസാരത്തിലും പൊതുജീവിതത്തിലും മാന്യത പാലിക്കേണ്ടതാണെന്നും മുരളീധരന് പറഞ്ഞു.