കളമശേരിയില്‍ ഇബ്രാഹിം കുഞ്ഞിന്റെ മകനെ അംഗീകരിക്കില്ല; അഞ്ഞൂറിലധികം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ കൊച്ചിയില്‍ സമാന്തരയോഗം ചേര്‍ന്നു: പ്രതിഷേധവുമായി എറണാകുളം ജില്ലാ ലീഗ് നേതാക്കള്‍ പാണക്കാട്ടേയ്ക്ക്


കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിലേക്ക് കടക്കുമ്പോഴും യു.ഡി.എഫില്‍ പ്രതിസന്ധിയൊഴിയാതെ കളമശേരി മണ്ഡലം. മുസ്ലിം ലീഗ് നേതൃത്വം സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച മുന്‍ മന്ത്രി വി.കെ. ഇബ്രാംഹിം കുഞ്ഞിന്റെ മകന്‍ വി.ഇ. അബ്ദുള്‍ ഗഫൂറിനെ പിന്‍വലിയ്ക്കണമെന്നാണ് ലീഗ് ജില്ലാ ഘടകത്തിലെ ഭൂരിപക്ഷത്തിന്റെയും ആവശ്യം. വിഷയമുന്നയിച്ച് അഞ്ഞൂറിലധികം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ കൊച്ചിയില്‍ സമാന്തരയോഗം ചേര്‍ന്നു. ജില്ലയിലെ പ്രവര്‍ത്തകരുടെ വികാരം സംസ്ഥാന നേതൃത്വത്തെ ധരിപ്പിയ്ക്കുന്നതിനായി പ്രതിനിധി സംഘം പാണക്കാട്ടേക്ക് തിരിച്ചു.

എറണാകുളം ജില്ലയില്‍ നിന്നുമുള്ള ലീഗ് പ്രവര്‍ത്തക സമിതി അംഗം എം. പി. അബ്ദുള്‍ ഖാദര്‍, ജില്ലാ പ്രസിഡണ്ട്, അബ്ദുള്‍ ജലീല്‍ അടക്കം ഭാരവാഹികളില്‍ ഭൂരിപക്ഷവും കളമശേരിയില്‍ നടന്ന കണ്‍വന്‍ഷനില്‍ പങ്കെടുത്തു.16 അംഗ ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ 10 പേര്‍ പങ്കെടുത്ത യോഗം അബ്ദുള്‍ ഗഫൂറിനെ കളമശേരിയില്‍ മത്സരിപ്പിയ്ക്കുന്നതിനെതിരായി പ്രമേയം പാസാക്കി.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പ്രതിയായ വി.കെ. ഇബ്രാഹിം കുഞ്ഞിനെയോ മകനെയോ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിയ്ക്കരുതെന്ന് ചൂണ്ടിക്കാട്ടി വളരെ നേരത്തെ തന്നെ മുസ്ലിം ലീഗ് ജില്ലാ ഘടകം സംസ്ഥാന നേതൃത്വത്തിന് കത്തു നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളും ഈയാവശ്യം ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ അവഗണിച്ച് അബ്ദുള്‍ ഗഫൂറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിയ്ക്കുകയായിരുന്നു.
മങ്കടയിലെ സിറ്റിംഗ് എം.എല്‍.എ. ടി.എ അഹമ്മദ് കബീറിനെ കളമശേരിയില്‍ നിന്നും മത്സരിപ്പിയ്ക്കണമെന്നായിരുന്നു ജില്ലാ ഘടകത്തിന്റെ ആവശ്യം. പ്രവര്‍ത്തകരുടെ ആവശ്യം മാനിച്ച് മത്സരിയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി അഹമ്മദ് കബീര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നു നടന്ന സമാന്തരയോഗത്തില്‍ നിന്നും അദ്ദേഹം വിട്ടു നിന്നു.

പാണക്കാട്ട് ലീഗ് നേതൃത്വവുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ്ടും യോഗം ചേര്‍ന്ന് അനന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ ജലീല്‍ അറിയിച്ചു. അഹമ്മദ് കബീര്‍ സ്വതന്ത്രനായി മത്സരിയ്ക്കുന്നതിനടക്കമുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണ്.

അതേ സമയം തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ പ്രതിഷേധങ്ങളെ കാര്യമാക്കുന്നില്ലെന്നാണ് അബ്ദുള്‍ ഗഫൂറിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കാലത്ത് സീറ്റ് കിട്ടാത്തവര്‍ പ്രതിഷേധിയ്ക്കുക പതിവാണ്. എന്നാല്‍ പത്രിക സമര്‍പ്പിച്ച് പ്രചാരണം ആരംഭിയ്ക്കുന്നതോടെ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പമുണ്ടാകും. യു.ഡി.എഫ്. കോട്ടയായ കളമശേരിയില്‍ വിജയം മുന്നിൽക്കാണുന്നുണ്ട്. പാലാരിവട്ടം പാലം അഴിമതി ഒരു തെരഞ്ഞെടുപ്പ് വിഷയമേ അല്ലെന്നും അബ്ദുള്‍ ഗഫൂര്‍ പറയുന്നു.

കളമശേരിയ്‌ക്കൊപ്പം തൃപ്പുണിത്തുറ, വൈപ്പിന്‍ അടക്കമുള്ള മണ്ഡലങ്ങളിലും യു.ഡി.എഫില്‍ വിമതനീക്കം പ്രതിസന്ധി സൃഷ്ടിയിക്കുന്നുണ്ട്. തൃപ്പുണിത്തുറയില്‍ എ-ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരിന് ശമനമില്ല. നേരത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. ബാബുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. എ.ബി സാബുവടക്കമുള്ള വിമത നേതാക്കള്‍ വാര്‍ത്താസമ്മേളം വിളിച്ച് ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ മത്സരിയ്ക്കുന്ന കാര്യത്തില്‍ ഇടന്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

വൈപ്പിന്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലറുമായ ദീപക്ക് ജോയിയ്ക്ക് നല്‍കിയതിനെതിരെ ഐ.എന്‍.ടി.യു.സി. നേതാവ് പി.കെ. ഹരിദാസ് ആണ് രംഗത്തെത്തിയിരിയ്ക്കുന്നത്. 16ന് ബഹുജന കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്ത ശേഷം സ്വതന്ത്രനായി പത്രിക സമര്‍പ്പിയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.