മലപ്പുറത്ത് പതിനാലുകാരിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച സംഭവം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍: ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി


മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരിയിൽ പതിനാലുകാരിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ കൂടി പൊലീസിന്റെ പിടിയിലായി. തെന്നല സ്വദേശി ചെനക്കല്‍ ഫസലുര്‍റഹ്്മാന്‍ (21), കല്‍പകഞ്ചേരി കല്ലിങ്ങല്‍പറമ്പ് സ്വദേശി കരിമ്പുക്കണ്ടത്തില്‍ നസീമുദ്ദീന്‍ (35) എന്നിവരെയാണ് കല്‍പകഞ്ചേരി സിഐ എം ബി റിയാസ് രാജയും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു. നസീമുദ്ദീനെ കൊപ്പത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി.

കേസില്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍കൂടി ഇനി പിടിയിലാകാനുണ്ട്. ഇതില്‍ രണ്ട് പേര്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം മഞ്ചേരി വുമണ്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയുമായി കടന്നുകളയുകയും മണിക്കൂറുകള്‍ക്കകം മഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് പിടിയിലായതായും സൂചനയുണ്ട്. ലഹരി മരുന്ന് നല്‍കിയും ബ്ലാക്ക് മെയില്‍ ചെയ്തും പല സമയങ്ങളിലായി പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കല്‍പകഞ്ചേരി പൊലീസ് കേസെടുത്തത്.

എട്ട് മാസം മുമ്പ് ഇന്‍സ്റ്റഗ്രാം വഴി സൗഹൃദത്തിലായ പ്രതികള്‍ പലപ്പോഴായി വീട്ടില്‍ എത്തിയെന്നും ലഹരിമരുന്ന് നല്‍കി മാസങ്ങളോളം പീഡിപ്പിച്ചുവെന്നുമാണ് മൊഴി. കുട്ടിയുടെ മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഇക്കാര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് വിവരം. ഇവരുടെ ബന്ധുവായ കൗണ്‍സിലര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികള്‍ നാട്ടില്‍ നിന്ന് മുങ്ങുകയായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.