കോഴിക്കോട്: മുന്‍പ് കുറച്ച് മണ്ഡലങ്ങളില്‍ മാത്രമുണ്ടായിരുന്ന കോലീബി സഖ്യം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചിരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പത്രിക തള്ളിയ മണ്ഡലങ്ങളില്‍ ഉള്‍പ്പടെ നിരവധി മണ്ഡലങ്ങളില്‍ ബി.ജെ.പി-യു.ഡി.എഫ് ധാരണയാണ്. ബി.ജെ.പി വോട്ടുകള്‍ക്കായി ബി.ജെ.പി വക്താവിനെ പോലെയാണ് ഗുരുവായൂര്‍ മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ സംസാരിക്കുന്നത്. മുന്‍ കാലങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിച്ചതിനുള്ള സഹായമാണ് ഇപ്പോള്‍ ബി.ജെ.പിയില്‍ നിന്ന് യു.ഡി.എഫിന് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ ബി.ജെ.പിയുടെ ഒരു നേതാവ് ഇന്നലെ പറഞ്ഞത് ഗുരുവായൂരിലെ കെ.എന്‍.എ ഖാദര്‍ ജയക്കണമെന്നും തലശ്ശേരിയില്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുതെന്നുമാണ്. ഈ രണ്ടെണ്ണം ഉള്‍പ്പടെ മൂന്ന് മണ്ഡലത്തിലാണ് യു.ഡി.എഫ് വിജയത്തിനായി ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ആവശ്യമില്ല എന്ന ധാരണയില്‍ അവരുടെ പത്രിക തള്ളിപ്പിക്കാനുള്ള സാഹചര്യം അവര്‍ തന്നെ സൃഷ്ടിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ജയിക്കണമെന്ന് ബി.ജെ.പി നേതാവ് പരസ്യമായി പറയുകയാണ്.
ഒ. രാജഗോപാലിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രാദേശികമായ നീക്കുപോക്കുകള്‍ ഉണ്ടാക്കാറുണ്ട് എന്നാണ് ഒ. രാജഗോപാല്‍ പറഞ്ഞത്. ഇങ്ങനെയാണ് നേമം ബി.ജെ.പി വിജയിച്ചത്. കെ.എന്‍.എ ഖാദര്‍ ജയിക്കണം എന്ന് ബി.ജെ.പി പറയുന്നത് യു.ഡി.എഫിന്റെ ഗുണത്തിനാണെന്ന് കരുതണ്ട. ലീഗിന് സ്വാധീനം ഉള്ള മറ്റൊരു മണ്ഡലത്തില്‍ കച്ചവടം ഉറപ്പിച്ചു എന്നാണ് അതിനര്‍ഥം. കുറേക്കാലമായി ജയിക്കണം എന്നാഗ്രഹിക്കുന്ന ഒരു മണ്ഡലത്തില്‍ ബി.ജെ.പിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും ഏറ്റെടുത്തിരിക്കയാണ്. ഇതിനായി പല മണ്ഡലങ്ങളിലും ബി.ജെ.പി അവരെ തിരിച്ച് സഹായിക്കും.
ഗുരുവായൂരിലെ ലീഗ് സ്ഥാനാര്‍ഥി സ്ഥാനാര്‍ഥിയായി പോയ ഉടനെ തന്നെ ബി.ജെ.പിക്കാരെ പ്രീണിപ്പിക്കാനുള്ള പ്രസ്ഥാവനകള്‍ നടത്തിയിരുന്നു. കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച പൗരത്വ നിയമത്തിനായി ലീഗ് ഫോറം പൂരിപ്പിച്ച് തരും എന്ന് വരെ അദ്ദേഹം പറഞ്ഞു. തങ്ങളുടെ തന്നെ സ്വന്തം നിലപാടിനെ തള്ളി ബി.ജെ.പി നിലപാട് സ്വീകരിക്കുന്ന നിലയിലേക്ക് അദ്ദേഹം എത്തിയിരിക്കുന്നു. ഇത് നമ്മള് കാണേണ്ടത് പഴയ കോലിബി സഖ്യത്തിന്റെ വിശാലമായ രൂപമായാണ്. ചിലമണ്ഡലങ്ങളില്‍ ഒതുങ്ങി നിന്ന സഖ്യം ഇപ്പോള്‍ കേരളമാകെ വ്യാപിപ്പിച്ചിരിക്കുകയാണ്.
പൗരത്വ നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന് നേരത്തെ കോണ്‍ഗ്രസും യു.ഡി.എഫും വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടികളെ ശക്തമായി എതിര്‍ക്കേണ്ടതില്ലെന്ന് അന്നേ യു.ഡി.എഫ ധാരണയിലെത്തിയിരുന്നു. പ്രളയകാലത്ത് കേരളം തകര്‍ന്നു പോകുകയായിരുന്ന സാഹചര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് വേണ്ടെത്ര സഹായം നല്‍കിയില്ല. എന്നാല്‍ അതിനെതിരെ ഒരു വാക്ക് പോലും പറയാന്‍ കോണ്‍ഗ്രസും ലീഗും തയ്യാറായില്ല. കേന്ദ്രവുമായുള്ള പ്രശ്നങ്ങള്‍ വരുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ് യു.ഡി.എഫ് എടുത്തിരുന്നത്. കേന്ദ്രത്തോടുണ്ടായിരുന്ന യു.ഡി.എഫിന്റെ ഈ മൃദു സമീപനത്തിന്റെ കാരണം ഇപ്പോഴാണ് മനസ്സിലാകുന്നത്.
ബി.ജെ.പി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ ഉപയോഗിച്ച് സംസ്ഥാന സര്ക്കാരുകളെഅസ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പൊതുവായ വികാരം രാജ്യത്തുണ്ടായിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഈ സാഹചര്യമുണ്ടായപ്പോള്‍ അതിന് തപ്പ് കൊട്ടിക്കൊടുക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്. ഇത്തരത്തില്‍ കേന്ദ്രത്തിന് നടത്തുന്ന ഒത്താശ നാട് കാണുന്നുണ്ട് എന്നിവരറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.