സ്ത്രീയുടെ വിഷമം മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എത്രവലിയ രാജ്യസേവനംകൊണ്ടും കാര്യമില്ല: ലതിക സുഭാഷ്


കോട്ടയം: പാര്‍ട്ടി ഏറ്റുമാനൂരില്‍ തനിക്ക് സീറ്റ് നല്‍കും എന്ന് വിശ്വസിച്ച വിഡ്ഢിയാണ് താനെന്ന് ലതിക സുഭാഷ്. സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം തലമുണ്ഡനം ചെയ്ത ലതിക ഏറ്റുമാനൂരില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.

മൂന്നുപതിറ്റാണ്ടിലേറെയായി ഏറ്റുമാനൂരില്‍ പൊതുപ്രവര്‍ത്തനം നടത്തിയ താന്‍ കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമ്മിശ്ര വികാരങ്ങളോടെയാണ് ഇത്തവണ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ലതിക പ്രസംഗം ആരംഭിച്ചത്. ഒരിക്കലും തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും വലിയ സങ്കടമായിപ്പോയതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്നും അവര്‍ പറഞ്ഞു.

'എന്റെ പ്രസ്ഥാനത്തോട് ഇഷ്ടമില്ലാത്തതുകൊണ്ടല്ല. ശരീരത്തില്‍ പഴുത്ത വൃണം ഞെക്കിക്കളയുമ്പോള്‍ വേദനയുണ്ടാകും പക്ഷേ അത് പുറത്തുപോയില്ലെങ്കില്‍ അതീവ ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കും. ഒരു സ്ത്രീക്ക് പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ പുരുഷനേക്കാള്‍ ബുദ്ധിമുട്ടാണ്.'-ലതിക പറഞ്ഞു.

ഏറ്റുമാനൂരില ജനങ്ങള്‍ കൈ അടയാളത്തില്‍ വോട്ട് ചെയ്യാന്‍ വേണ്ടി കൊതിക്കുകയാണെന്ന് പറഞ്ഞ ലതിക 1987-ല്‍ ജോര്‍ജ് ജോസഫ് പൊടിപ്പാറ സ്വതന്ത്രനായി മത്സരിച്ച സംഭവവും ഓര്‍മിപ്പിച്ചു. 'ജോര്‍ജ് ജോസഫ് പൊടിപ്പാറ കൈ അടയാളത്തില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിട്ടും സീറ്റ് ലഭിച്ചില്ല. ഒടുവില്‍ അദ്ദേഹം സ്വതന്ത്രനായി ഉദയസൂര്യന്റെ ചിഹ്നത്തില്‍ മത്സരിച്ചു. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ കെട്ടിവെച്ച കാശുപോലും നഷ്ടപ്പെടുത്തിക്കൊണ്ട് തോല്‍പിച്ച് അദ്ദേഹം വിജയശ്രീലാളിതനായി കടന്നുവന്ന ചരിത്രം ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിനുണ്ട്.

കേരള കോണ്‍ഗ്രസ് വിഭാഗം ഈ സീറ്റ് ആവശ്യപ്പെട്ടുകൊണ്ട് കടുംപിടിത്തത്തിലാണ് എന്നാണ് നേതൃത്വം പറഞ്ഞത്. എന്നാല്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ എന്നോട് പറഞ്ഞത് ഞങ്ങള്‍ക്ക് വലിയ നിര്‍ബന്ധമൊന്നും ഇല്ലായിരുന്നു, നിര്‍ബന്ധം കോണ്‍ഗ്രസിനായിരുന്നു എന്നാണ്. സ്ത്രീകളുടെ വിഷമം മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എത്ര വലിയ രാജ്യസേവനം ചെയ്തുകൊണ്ടും കാര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ സീറ്റ് ആഗ്രഹിക്കുന്നതായി എ.കെ.ആന്റണിയെ അറിയിച്ചിരുന്നു. സീറ്റില്ലെങ്കില്‍ തല മുണ്ഡനം ചെയ്യുമെന്ന് മാര്‍ച്ച് എട്ടിന് പറഞ്ഞിരുന്നു

പലപ്പോഴും വികാരഭരിതയായി തൊണ്ടയിടറിക്കൊണ്ടാണ് ലതിക പ്രസംഗം തുടര്‍ന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.