ഒഴിഞ്ഞു പോയത്‌ വൻദുരന്തം, ആളപായമില്ല, കോടികളുടെ നഷ്ടം; കൽപ്പറ്റ ലോറി അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്


കല്പറ്റ: പുലർച്ചെ നാലിന് കല്പറ്റ വെള്ളാരംകുന്നിലുണ്ടായ വാഹനപകടത്തിൽ ആളപായമൊന്നുമില്ലെന്ന് ആശ്വസിച്ചവർക്ക് ഇടിയുടെ ആഘാതത്തിൽ ബഹുനിലക്കെട്ടിടം ചെരിയാൻ തുടങ്ങിയതോടെ തിങ്കളാഴ്ച ആശങ്കയുടെ ദിവസമായി. ജനവാസമേഖലയും സമീപത്തുതന്നെയുള്ള പെട്രോൾ പമ്പും അപകടഭീതിയുടെ ആക്കംകൂട്ടി. എന്നാൽ, സർവ മുന്നൊരുക്കങ്ങളുമെടുത്ത് നടത്തിയ മികച്ച രക്ഷാപ്രവർത്തനത്തിലൂടെ ദുരന്തഭീതിയെ തുടച്ചുനീക്കാൻ രക്ഷാപ്രവർത്തകർക്കായി.

വൈകീട്ട് ആറു മണിയോടെ തുടങ്ങിയ കെട്ടിടം പൊളിക്കൽ രാത്രി വൈകിയും തുടർന്നു. പുലർച്ചെ നാലു മണിക്കു ശേഷമാണ് വാഹനാപകടം നടന്നത്. സിമന്റുമായി ചുരം കയറിയെത്തിയ ലോറി വെള്ളാരംകുന്നിന് സമീപം ടെമ്പോ ട്രാവലറിലും യൂസ്‍ഡ് കാർ ഷോറൂമിൽ നിർത്തിയിട്ട കാറുകളിലും ഇടിച്ചതിനുശേഷമാണ് ബഹുനിലക്കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്. ഇതിനിടെ പ്രദേശത്തെ ആറു വൈദ്യുതപോസ്റ്റുകളും തകർന്നു.

ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷിച്ചത്. കെട്ടിടത്തിനുള്ളിലേക്ക് കയറി കാബിന്റെ ഭാഗങ്ങൾ മുറിച്ചു മാറ്റിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.

അപകടത്തിന് ദൃക്സാക്ഷികളായ യാത്രക്കാരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. തലകീഴായി മറിഞ്ഞ ടെമ്പോ ട്രാവലറിൽ സ്ത്രീകളും കുട്ടികളുമടക്കം 16 യാത്രക്കാരുണ്ടായിരുന്നു. നിസ്സാരപരിക്കുകളേറ്റ ഇവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

സ്റ്റേഷൻ ഓഫീസർ കെ.എം. ജോമി, സീനിയർ ഫയർ ഓഫീസർ ഐ. ജോസഫ്, ഫയർ ഓഫീസർമാരായ സി.എ. ജയൻ, കെ. സുധീഷ്, എം.പി. ധനീഷ് കുമാർ എന്നിവരാണ് രാവിലെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

തകർന്നത് നാലുനില കെട്ടിടം

റോഡിനു താഴെയായി ബേസ്‌മെന്റും പിന്നെ മൂന്നു നിലകളുമുള്ള കെട്ടിടമാണ് വാഹനാപകടത്തിൽ പാടെ തകർന്നത്. മൂന്നു തൂണുകൾ ഇടിയുടെ ആഘാതത്തിൽ തകർന്നതോടെ ആറു മണി കഴിഞ്ഞതോടെ ഒരു വശത്തേക്ക് ചെരിയാൻ തുടങ്ങി. ഏഴു മണിയോടെ നാലു തൂണുകൾകൂടി തകർന്ന് കെട്ടിടം ഒരു വശത്തേക്ക് ചെരിഞ്ഞു. ഇതോടെ കെട്ടിടം പൂർണമായും മറിഞ്ഞു വീഴാൻ സാധ്യതയുണ്ടെന്ന ആശങ്ക പരന്നു. ഇതോടെ കെട്ടിടത്തിന് മുന്നിലെ ഗതാഗതം നിരോധിച്ചു. രാവിലെ സ്ഥലം സന്ദർശിച്ച കളക്ടർ അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാർ, അസിസ്റ്റന്റ് കളക്ടർ ബൽപ്രീത് സിങ്ങ്, എ.ഡി.എം. ടി. ജനിൽ കുമാർ തുടങ്ങിയവർ സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് ദുരന്തനിവാരണവിഭാഗം യോഗം ചേർന്ന് കെട്ടിടം പൊളിക്കാൻ തീരുമാനിച്ചു.

കെട്ടിടത്തിനുള്ളിലെ മൂന്ന് ഗ്യാസ് സിലിൻഡറുകളിൽ രണ്ടെണ്ണം അഗ്നിരക്ഷാസേനാംഗങ്ങൾ എടുത്തുമാറ്റി. മൂന്നാം നിലയിലെ ഗ്യാസ് സിലിൻഡർ എടുക്കാനായില്ല. ജനറേറ്ററിന്റെ താക്കോൽ കെട്ടിടത്തിനുള്ളിൽ അകപ്പെട്ടതിനാൽ അതിൽ ശേഷിച്ച ചെറിയ അളവ് ഡീസലും മാറ്റാനായില്ല. ഉച്ചയ്ക്ക് രണ്ടു മണിയോടെ 200 മീറ്റർ ചുറ്റളവിലുള്ള കുടുംബങ്ങളെ ഒഴിപ്പിക്കുമെന്നും വൈദ്യുതബന്ധം വിച്ഛേദിക്കുമെന്നും ഗ്യാസ് കണക്‌ഷൻ വിച്ഛേദിക്കണമെന്നും അറിയിപ്പുവന്നു. ഇതോടെ ജനങ്ങളും പരിഭ്രാന്തരായി. കോഴിക്കോട്ടുനിന്നും ഖലാസികളുടെ സംഘമെത്തി കെട്ടിടം പൊളിച്ചുനീക്കുമെന്നും അറിയിപ്പുണ്ടായി.

ഒരുരാത്രി നീണ്ടുനിന്ന പൊളിക്കൽ

ജനവാസമേഖലയിലാണെന്നതും സമീപത്തുതന്നെ പെട്രോൾ പമ്പുള്ളതിനാലും കെട്ടിടം പൊളിക്കൽ വളരെ സൂക്ഷ്മമായാണ് മുന്നേറിയത്. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തുതന്നെ തമ്പടിച്ചു. ഉന്നതോദ്യോഗസ്ഥർ പലകുറി സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തി. എസ്.പി. പാനൽകൊണ്ട് കെട്ടിടം മറിച്ചതിനാൽ കെട്ടിടഘടന വ്യക്തമാക്കാത്തതും ആദ്യഘട്ടത്തിൽ ആശങ്ക പരത്തി. മേപ്പാടി വഴിയും കല്പറ്റ ഗവ. കോളേജിലെ റോഡിലൂടെയും വാഹനഗതാഗതം വഴിതിരിച്ചുവിട്ടു.

സി.കെ. ശശീന്ദ്രൻ എം.എൽ.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, നഗരസഭാധ്യക്ഷൻ കേയംതൊടി മുജീബ് തുടങ്ങിയവരും സ്ഥലത്തെത്തി.

വൈകീട്ട് അഞ്ചു മണിയോടെ കെട്ടിടത്തിന് ചുറ്റും അളക്കാൻ തുടങ്ങി. ആറു മണിയോടെ വാഹനമെത്തിച്ച് അരമണിക്കൂറിനകം ഒരു വശത്ത് നിന്നു പൊളിച്ചുനീക്കാൻ തുടങ്ങി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് പൊളിച്ചത്. പോലീസ് കയറുകെട്ടി തിരിച്ചിടത്തും സമീപത്തെ കെട്ടിടങ്ങളുടെ മുകളിലും ജനം കൂടിനിന്നു.

പ്രതിസന്ധിയിൽ കച്ചവടക്കാർ

അപ്രതീക്ഷിത ദുരന്തത്തിനുമുന്നിൽ പകച്ചുനിൽക്കുകയാണ് കെട്ടിട ഉടമകളായ പള്ളത്ത് അബ്ദുൾസലീമും പാനൂർ കെ.ടി. റിയാസും. അപകടവിവരം അറിഞ്ഞതോടെ രാവിലെത്തന്നെ ഇരുവരും സ്ഥലത്തെത്തി. ആദ്യമൊക്കെ അറ്റകുറ്റപ്പണികളോടെ കെട്ടിടം വീണ്ടെടുക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഒരു വശത്തേക്ക് ചെരിഞ്ഞു തുടങ്ങിയതോടെ എല്ലാ പ്രതീക്ഷകളും തീർന്നു. 2016-ലാണ് കെട്ടിടം പണിതത്. വിൻഡ് ഗേറ്റ് എന്ന പേരിൽ ടൂറിസ്റ്റ്ഹോം കെട്ടിടത്തിന്റെ രണ്ടു നിലകളിലായി ഇരുവരും നടത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധികൾ കഴിഞ്ഞ് സജീവമാകുന്നേയുണ്ടായിരുന്നുള്ളൂ. രണ്ടരക്കോടിക്ക് മുകളിൽ നഷ്ടമുള്ളതായാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ ബേസ്‌മെന്റിലും ഒന്നാം നിലയിലുമായി പ്രവർത്തിച്ച കഫെയാന എന്ന കോഫീ ഷോപ്പ് ജലാലുദ്ദീൻ കോറോട്, സമദ് പുൽപ്പറമ്പ്, ഹാഷിം വേങ്ങര, ഫസൽ റഹ്മാൻ വേങ്ങര എന്നിവർ ചേർന്നാണ് നടത്തുന്നത്. 42 ലക്ഷം രൂപയുടെ നഷ്ടമാണ് ഇവർക്കുണ്ടായത്. എങ്കിലും വലിയ ആധി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇവർ. കോവിഡിന് മുമ്പുവരെ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന കഫെയായിരുന്നു ഇത്. രാത്രിയും സന്ദർശകരുണ്ടാവാറുണ്ടായിരുന്നു. ആ കാലത്ത് ജീവനക്കാർ വിശ്രമിക്കാൻ കിടക്കുന്ന സ്ഥലത്തേക്കാണ് ലോറി ഇടിച്ചുകയറിയത്. തിങ്കളാഴ്ച അപകടം നടന്ന സമയത്തും രണ്ടു ജീവനക്കാർ കെട്ടിടത്തിന്റെ മുകൾനിലയിലുണ്ടായിരുന്നു. ഇരുവർക്കും പരിക്കില്ല.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.