തിരുവനന്തപുരത്ത് സ്ഥാനാർഥിയാകാൻ ബിജെപി ഏജന്റുമാർ സമീപിച്ചു, കോടികള്‍ വാഗ്ദാനം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ എംഎൽഎ, എംഎ വാഹിദ്


തിരുവനന്തപുരം: ബിജെപിയില്‍ ചേരാന്‍ കോടികള്‍ വാഗ്ദാനം ചെയ്ത് പാര്‍ട്ടി ഏജന്റുമാര്‍ തന്നെ സമീപിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് എം എ വാഹിദ്. കോണ്‍ഗ്രസ് പട്ടികയില്‍ താങ്കളില്ലെന്നും ബിജെപിയില്‍ ചേരുകയാണെങ്കില്‍ തിരുവനന്തപുരത്ത് ഏത് മണ്ഡലത്തിലും സീറ്റ് നല്‍കാമെന്നും വാഗ്ദാനം നല്‍കിയതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴക്കൂട്ടം മണ്ഡലത്തിലെ മുൻ എംഎല്‍എയാണ് വാഹിദ്. കഴക്കൂട്ടത്ത് കോണ്‍ഗ്രസ് വിട്ട് വരുന്ന ഒരു സര്‍പ്രൈസ് സ്ഥാനാര്‍ഥിക്കായി ബിജെപി സീറ്റ് മാറ്റിവെച്ചിരിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് വാഹിദിന്റെ വെളിപ്പെടുത്തല്‍.

തന്നെ പരിചയമുള്ള ഒരാള്‍ വഴിയാണ് തനിക്ക് പണവും സീറ്റും വാഗ്ദാനം ചെയ്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ തുക എത്രയായാലും അത് നല്‍കാമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ തന്നെ അതിന് കിട്ടില്ലെന്ന് പറഞ്ഞ് ആ ആവശ്യം തള്ളിക്കളഞ്ഞതായും വാഹിദ് വ്യക്തമാക്കി. എട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഏജന്റ് തന്നെ വന്ന് കണ്ടതെന്നും ബിജെപി നേതാക്കള്‍ ആരും തന്നെ നേരിട്ട് സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പേര് സ്ഥാനാര്‍ഥി ലിസ്റ്റില്‍ എവിടെയും ഇത്തവണ കേട്ടിട്ടില്ല. അതിനാലാകാം തന്നെ സമീപിച്ചത്. ഇത്തരത്തില്‍ പലരെയും അവര്‍ സമീപിക്കുന്നുണ്ട്. തന്നെ വന്നു കണ്ട ആളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പേരു വെളിപ്പെടുത്തരുതെന്ന് അദ്ദേഹം തന്നോട് വാക്ക് പറഞ്ഞതാണെന്നും എം എ വാഹിദ് വ്യക്തമാക്കി. വിജയന്‍ തോമസ് പാര്‍ട്ടി വിട്ടത് സംബന്ധിച്ച ചോദ്യത്തിന് അവരെല്ലാം ദേശാടനക്കിളികള്‍ മാത്രമാണെന്നും അവര്‍ പാര്‍ട്ടിയില്‍ നിന്ന് പാര്‍ട്ടികളിലേക്ക് മാറിക്കൊണ്ടിരിക്കുമെന്നുമായിരുന്നു വാഹിദിന്റെ മറുപടി.

സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താനുള്ള മാനദണ്ഡങ്ങളില്‍ താന്‍ വരുന്നില്ല. നാല് തവണയേ മത്സരിച്ചിട്ടുള്ളൂ. പിന്നെ 70 വയസ്സ് പിന്നിട്ടതാണ് കാരണമെങ്കില്‍ പുതിയ തലമുറക്ക് സന്തോഷത്തോടെ വഴിമാറികൊടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.