സൗദിയിൽ മാർച്ച് രണ്ട് ഇനിമുതല്‍ ആരോഗ്യ രക്തസാക്ഷി ദിനമായി ആചരിക്കും; ഉത്തരവ് പുറപ്പെടുവിച്ച് സൗദി ആരോഗ്യ മന്ത്രാലയം


റിയാദ്: സൗദി അറേബ്യയിൽ ഇനി മുതൽ മാർച്ച് രണ്ട്, ആരോഗ്യ രക്ത സാക്ഷി ദിനമായി ആചരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ചിട്ട് ഒരു വർഷം പൂർത്തിയായ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്‍റെ തീരുമാനം. 186 ആരോഗ്യ പ്രവർത്തകരുൾപ്പെടെ, 6500ലധികം പേരാണ് സൗദിയിൽ ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ വർഷം മാർച്ച് രണ്ടിനായിരുന്നു സൗദിയിൽ ആദ്യമായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചത്.

ഇറാനിൽ നിന്നും ബഹറൈൻ വഴി സൗദിയിലെത്തിയ സ്വദേശി പൗരനിലാണ് ആദ്യ കോവിഡ് റിപ്പോർട്ട് ചെയ്തത്. ആ സമയത്ത് ഇറാനിൽ അനിയന്ത്രിതമായ തോതിൽ കോവിഡ് വ്യാപനം നടന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നിട്ടും, ഇറാൻ സന്ദർശിച്ച വിവരം ഇദ്ദേഹം മറച്ചു വെച്ചു. അതിന് ശേഷം ഇന്ന് വരെ 37800 പേരിലേക്ക് രോഗം വ്യാപിച്ചു. ഇതിൽ 36900 പേർക്ക് ഭേദമായെങ്കിലും, 6500 ലധികം പേർ മരണത്തിന് കീഴടങ്ങി. മരിച്ചവരിൽ സ്വദേശികളും വിദേശികളുമായി 186 ആരോഗ്യ പ്രവർത്തകരുമുണ്ടായിരുന്നു.

ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിൽ മാത്രം കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടയിൽ, കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കണക്കാണിത്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ കാത്തു സൂക്ഷിക്കുന്നതിന് ഇവർ നടത്തിയ സ്തുത്യർഹമായ സേവനങ്ങൾ പരിഗണിച്ചും, സേവന പാതയിൽ മരിച്ച ഇവരുടെ ഓർമ്മകൾ ജനഹൃദയങ്ങളിൽ എന്നും അനശ്വരമായി നിലനിറുത്തുന്നതിനും വേണ്ടിയാണ്, മാർച്ച് രണ്ട് ആരോഗ്യ രക്തസാക്ഷി ദിനമായി ആചരിക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതിന് കാരണം.

മരിച്ച ആരോഗ്യ പ്രവർത്തകരിൽ 16 ഇന്ത്യക്കാരുമുണ്ടായിരുന്നു. മഹാമാരിയുടെ കുത്തൊഴുക്കിൽ ഇരുനൂറോളം മലയാളികൾക്കും ജീവൻ നഷ്ടമായി. മാർച്ച് രണ്ടിന് ശേഷം, പ്രതിദിനം കേസുകൾ വർധിച്ച് ജൂൺ പകുതിയോടെ 5000ത്തോളമെത്തി. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നതായാണ് കണ്ടത്. ജനുവരി ആദ്യത്തിൽ പ്രതിദിന കേസുകൾ 100നും താഴെവരെയെത്തി.

ഇതിനിടെ ആരോഗ്യ മുൻകരുതലുകൾ പാലിക്കുന്നതിൽ ജനങ്ങൾക്കിടയിൽ ജാഗ്രത കുറവുണ്ടാകുകയും, ഇത് കേസുകൾ വീണ്ടും വർധിക്കാൻ കാരണമാകുകയും ചെയ്തു. എന്നാൽ അധികൃതരുടെ കർശനമായ നിയന്ത്രണങ്ങളും, ജാഗ്രതയും വ്യാപനം തടഞ്ഞു നിറുത്താൻ സഹായകരമായി. ഇതിനിടെ രാജ്യത്ത് വാക്സിൻ വിതരണം വ്യാപകമായതും ആശ്വാസകരമാണ്. വൈകാതെ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ കൂടി പൂർണ്ണതോതിൽ പുനസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വിദേശികളും, സ്വദേശികളും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.