ഫോട്ടോഷൂട്ടിൽ വ്യത്യസ്ത രീതികൾ പരീക്ഷിക്കുകയാണ് വധൂ വരന്മാർ. ഇത്തരത്തിൽ വിവാഹ ഫോട്ടോഷൂട്ടിന് മയക്കി കിടത്തിയ സിംഹക്കുട്ടിയെ ഉപയോഗിച്ചതിനെതിരെ ശക്തമായ പ്രതിഷേധം . പാകിസ്താനിലെ നിരവധി മൃഗസ്നേഹികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മരുന്ന് നൽകി മയക്കി കിടത്തിയിരിക്കുന്ന സിംഹക്കുട്ടിയുടെ സമീപം നവദമ്പതികൾ കൈകോർത്തിരിക്കുന്നതും സിംഹക്കുട്ടിയുടെ സമീപം ഫോട്ടോക്ക് പോസ് ചെയ്യുന്നതും വിഡിയോയിൽ കാണാം.
വെഡ്ഡിങ് സ്റ്റുഡിയോയുടെ ഇൻസ്റ്റഗ്രാം പേജിലാണ് ആദ്യം വിഡിയോ പോസ്റ്റ്ചെയ്തത്. ജെ.എഫ്.കെ ആനിമൽ റെസ്ക്യൂ ആൻഡ് ഷെൽട്ടറിന്റെ ഇൻസ്റ്റഗ്രാമിലാണ് ആദ്യം പ്രതിഷേധം ഉയർന്നത്. തുടർന്ന് മൃഗങ്ങളെ സംരക്ഷിക്കണമെന്ന ഹാഷ്ടാഗുകളിൽ മറ്റു സമൂഹമാധ്യമങ്ങളിലൂടെയും പ്രതിഷേധം വ്യാപിച്ചു. ലാഹോറിലെ സ്റ്റുഡിയോ ഉടമസ്ഥരിൽ നിന്നും സിംഹക്കുട്ടിയെ മോചിപ്പിക്കണമെന്നാണ് ആവശ്യം. സ്റ്റുഡിയോ അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട് .