ന്യൂഡല്‍ഹി: മാസ്ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിടാമെന്ന പുതിയ സര്‍ക്കുലര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) പുറത്തിറക്കി. മുന്നറിയിപ്പുകള്‍ക്ക് ശേഷവും കൃത്യമായി മാസ്ക് ധരിക്കാത്തവരെ വിമാനത്തില്‍ നിന്ന് ഇറക്കിവിടാമെന്നും അല്ലെങ്കില്‍ പുറപ്പെടുന്നതിനു മുന്‍പ് യാത്രക്കാരെ ഒഴിവാക്കാമെന്നാണ് സര്‍ക്കുലര്‍.
യാത്രയ്ക്കിടെ ആരെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന് വിസ്സമ്മതിച്ചാല്‍ അവരെ മോശം പെരുമാറ്റമുള്ള യാത്രക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിയമനടപടി സ്വീകരിക്കാവുന്നതുമാണെന്നും ഡിജിസിഎ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
മാസ്ക് ധരിക്കാത്തവരായ യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിടാമെന്ന് ഡിജിസിഎയ്ക്ക് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുന്നതിനിടെ ഒട്ടേറെ യാത്രക്കാര്‍ കൃത്യമായി മാസ്ക് ധരിക്കാത്തത്. ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് ജസ്റ്റിസ് സി ഹരിശങ്കര്‍ പറഞ്ഞു.