സിംല: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗവാൻ ശിവന്റെ അവതാരമാണെന്ന് ഹിമാചൽ പ്രദേശ് മന്ത്രി. ഹിമാചൽ നഗരവികസന വകുപ്പ് മന്ത്രി സുരേഷ് ഭരദ്വാജ് ആണ് പ്രധാനമന്ത്രിക്ക് ഇത്തരമൊരു വിശേഷണം നൽകിയിരിക്കുന്നത്. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭരദ്വാജ്, മോദിയെ ശിവന്റെ അവതാരമെന്ന് വിളിച്ചത്.
'ഇന്ത്യ പോലെ ഇത്രയും ജനസംഖ്യയുള്ള ഒരു രാജ്യത്ത് കൊറോണ വൈറസിനെ നേരിടാൻ മോദിയെപ്പോലെ ഒരു മഹദ് വ്യക്തിക്ക് മാത്രമെ സാധിക്കുമായിരുന്നുള്ളു. അദ്ദേഹം ശിവന്റെ അവതാരം തന്നെയാണ്' എന്നായിരുന്നു വാക്കുകൾ. ശിവരാത്രിയോടനുബന്ധിച്ച് ഒരു ക്ഷേത്രത്തിലെ പൂജാ ചടങ്ങിൽ സംസാരിക്കവെയാണ് മോദിയെ ദൈവമാക്കി മന്ത്രിയുടെ വാക്കുകൾ.
എന്നാൽ ഈ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാക്കൾ അടക്കം പരിഹാസവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയെ വശത്താക്കി മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കാനാണ് ഇത്തരം സുഖിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതെന്നാണ് കോൺഗ്രസ് എംഎൽഎ വിക്രമാദിത്യ സിംഗ് ആരോപിച്ചത്. ഭരദ്വാജിന്റെ പ്രസ്താവന നിർഭാഗ്യകരമാണെന്നാണ് മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ മകനും കോൺഗ്രസ് എംഎൽഎയുമായ വിക്രമാദിത്യ സിംഗ് പറഞ്ഞത്.
പ്രധാനമന്ത്രിയെ സന്തോഷിപ്പിക്കാനും സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം നേടിയെടുക്കാനും വേണ്ടിയാകും മന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയത്. ബിജെപി മുഖ്യമന്ത്രിയെ മാറ്റിയ ഉത്തരാഖണ്ഡിലെ സമീപകാല സംഭവവികാസങ്ങൾ പരാമർശിച്ച് കോൺഗ്രസ് നേതാവ് പറഞ്ഞു, ജയ് റാം താക്കൂറും സ്ഥാനമൊഴിയാമെന്ന് കരുതി നിരവധി ഹിമാചൽ മന്ത്രിമാർ സംസ്ഥാന മുഖ്യമന്ത്രിയാകാൻ ആഗ്രഹം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്ന കാര്യവും കോൺഗ്രസ് എംഎൽഎ ചൂണ്ടിക്കാട്ടി.
എന്നാൽ തന്റെ പ്രസ്താവന പരിഹാസങ്ങൾക്ക് വിധേമായെങ്കിലും അതിൽ ഉറച്ചു നിന്ന് ഭരദ്വാജ് കൂടുതൽ വിശദീകരണവുമായെത്തുകയും ചെയ്തു. '137 കോടി ജനസംഖ്യയുള്ള രാജ്യത്തെ കൊറോണ വൈറസിനെ വിജയകരമായി നേരിടാൻ മോദിക്ക് കഴിഞ്ഞു. ഒരു മഹാപുരുഷന് അല്ലെങ്കിൽ അവതാരത്തിന് മാത്രമെ അത് സാധിക്കുകയുള്ളു. പ്രധാനമന്ത്രിയെ ശിവന്റെ അവതാരമെന്ന് വിശേഷിപ്പിച്ച് ഞാൻ തെറ്റൊന്നും പറഞ്ഞിട്ടില്ല' പ്രസ്താവന ആവർത്തിച്ച് സുരേഷ് ഭരദ്വാജ് വ്യക്തമാക്കി.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം മോദി രണ്ട് ദിവസം കേദാർനാഥിലെ ഗുഹയിൽ ചിലവഴിച്ചുവെന്ന കാര്യവും എടുത്തു പറഞ്ഞ മന്ത്രി, അദ്ദേഹത്തിന് ശിവന്റെ അനുഗ്രമുണ്ട് ശിവന്റെ അവതാരമായാണ് അദ്ദേഹം പിറവിയെടുത്തത് എന്നും കൂട്ടിച്ചേർത്തു. 'ഒരു ലോകനേതാവിനെപ്പോലെ ലോകം മുഴുവൻ അദ്ദേഹത്തെ ഉറ്റുനോക്കുകയാണ്. ഏറ്റവും കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ നൽകിയ രാജ്യം രണ്ട് വാക്സിനുകളാണ് നിർമ്മിച്ചത്' എന്ന കാര്യവും ഭരദ്വാജ് പ്രത്യേകം പരാമര്‍ശിച്ചു.