മുംബൈയിലുണ്ടായ പവര്‍ കട്ട് അട്ടിമറിയെന്ന് റിപ്പോര്‍ട്ട്; പിന്നില്‍ ചൈനയുടെ ഹാക്കിങ്


മുംബൈ: ചൈനീസ് സൈബര്‍ ആക്രമണത്തില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊന്നായ മുംബൈയില്‍ വൈദ്യുതി മുടങ്ങിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്കെതിരായ ചൈനയുടെ സൈബര്‍ ആക്രമണത്തില്‍ മുംബൈയില്‍ വൈദ്യുതി മുടങ്ങിയിരിക്കാമെന്ന് അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ, ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുമായി ഇതിനു ബന്ധമുണ്ടാകാം. അതിര്‍ത്തിയില്‍ ഇന്ത്യക്കാരും ചൈനീസ് സൈനികരും മുഖാമുഖം നില്‍ക്കുമ്പോള്‍ രാജ്യത്തുടനീളമുള്ള വൈദ്യുത വിതരണ സംവിധാനങ്ങളിലേക്ക് മാല്‍വെയര്‍ കയറ്റിവിട്ടാണ് ചൈന ആക്രമണം നടത്തിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.

മുംബൈയിലെ വൈദ്യുതി തടസത്തിന് കാരണമായ ചൈനയുടെ സൈബര്‍ ആക്രമണത്തെക്കുറിച്ച് സൂചന നല്‍കുന്ന ആദ്യ റിപ്പോര്‍ട്ടല്ല ഇതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. മുംബൈയില്‍ കഴിഞ്ഞ വര്‍ഷം നവംബറിലുണ്ടായ വൈദ്യുതി തടസത്തിന് പിന്നില്‍ ഒരു മാല്‍വെയര്‍ ആക്രമണമാണെന്ന് മഹാരാഷ്ട്ര സൈബര്‍ വകുപ്പ് തന്നെ സംശയിച്ചിരുന്നു. താനെ ജില്ലയിലെ പഡ്ഗ ആസ്ഥാനമായുള്ള ലോഡ് ഡിസ്പാച്ച് സെന്ററിലാണ് വൈദ്യുതി മുടക്കം സംഭവിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12 നും മുംബൈയില്‍ വന്‍ വൈദ്യുതി തടസം നേരിടേണ്ടി വന്നു. ഇത് രാവിലെ 10 മുതല്‍ ഏതാനും മണിക്കൂറുകള്‍ നീണ്ടുനിന്നു, എന്നാല്‍ ഉച്ചയോടെ പ്രശ്‌നം പരിഹരിച്ചു. മഹാരാഷ്ട്ര സൈബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രാഥമിക അന്വേഷണത്തിനിടെ പഡ്ഗ ആസ്ഥാനമായുള്ള സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്ററില്‍ മാല്‍വെയറിന്റെ ഇന്‍ഫ്യൂഷന്‍ കണ്ടെത്തിയതായി നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2009 ല്‍ സ്ഥാപിതമായ സൈബര്‍ സുരക്ഷാ കമ്പനിയായ റെക്കോര്‍ഡഡ് ഫ്യൂച്ചറാണ് മാല്‍വെയര്‍ കണ്ടെത്തല്‍ നടത്തിയത്. എന്നാല്‍, സിസ്റ്റത്തില്‍ കയറിയിട്ടുള്ള മിക്ക മാല്‍വെയറുകളും സജീവമാക്കിയിട്ടില്ലെന്നും കമ്പനി അവകാശപ്പെടുന്നു. ഇതിനര്‍ഥം ചെറിയ അളവിലുള്ള മാല്‍വെയറുകള്‍ മാത്രമാണ് മുംബൈ വൈദ്യുതി തടസത്തിന് കാരണമായത് എന്നാണ്.

എന്നാല്‍, നിയന്ത്രണങ്ങള്‍ കാരണം സൈബര്‍ സുരക്ഷാ കമ്പനിക്ക് വൈദ്യുതി വിതരണ നെറ്റ്വര്‍ക്കിലെ കോഡ് പരിശോധിക്കാന്‍ കഴിഞ്ഞില്ല. ഇതിനര്‍ഥം ഈ കമ്പനിക്ക് ഇന്ത്യയുടെ ഊര്‍ജ സംവിധാനങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല എന്നാണ്. സൈബര്‍ സുരക്ഷാ കമ്പനി ഇക്കാര്യം ഇന്ത്യന്‍ അധികൃതരെ അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
മുംബൈയിലെ വൈദ്യുതി തടസ്സത്തിന് പിന്നില്‍ ചൈനീസ് സര്‍ക്കാര്‍ പിന്തുണയുള്ള റെഡ് എക്കോ എന്ന ഗ്രൂപ്പാണെന്ന് കമ്പനി അവകാശപ്പെട്ടു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.